‘ആ ടാങ്കിന് മൂടിയുണ്ടായിരുന്നെങ്കിൽ എന്റെ കുഞ്ഞുങ്ങൾ മരിക്കില്ലായിരുന്നു’; രണ്ടു മക്കളെ നഷ്ടപ്പെട്ട ഒരമ്മയുടെ കണ്ണീർ...
text_fieldsമുംബൈ: ‘ഞങ്ങളുടെ മക്കളെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതായിരിക്കുമെന്നാണ് കരുതിയത്. പിറ്റേന്ന് രാവിലെയോടെ ഞങ്ങൾ അവരുടെ കൈകൾ ടാങ്കിൽ കണ്ടു. നിരാശയും നിസഹായയുമാണ് ഞാൻ. ടാങ്ക് മൂടാൻ കറുത്ത പ്ലാസ്റ്റിക് ഷീറ്റ് മാത്രമാണ് അവിടെ ഉപയോഗിച്ചിരുന്നത്. ഒരു മൂടി ഉണ്ടായിരുന്നെങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു. എന്‍റെ കുട്ടികൾ മരിക്കില്ലായിരുന്നു’- രണ്ട് മക്കളും നഷ്ടപ്പെട്ട ദുഖത്തിൽ അമ്മ സോനു വാംഗ്രി പറയുന്നു.
മാർച്ച് 17ന് രാവിലെ മറ്റ് കുട്ടികളോടൊപ്പം കളിക്കാൻ പോയ അർജുൻ വാൻഗ്രി (4), അങ്കുഷ് വാൻഗ്രി (5) എന്നീ സഹോദരങ്ങളെ കാണാതാകുകയായിരുന്നു. സെന്‍റ് ജോസഫ്സ് ഹൈസ്കൂളിന് പുറത്തുള്ള ഒരു ഫുട്പാത്തിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. കുട്ടികളെ കാണാതായതോടെ രക്ഷിതാക്കൾ മാതുംഗ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് മാർച്ച് 18ന് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുട്ടികൾ മഹർഷി കാർവേ ഗാർഡനിലെ മൂടിയില്ലാത്ത ടാങ്കിൽ വീണതായി കണ്ടെത്തുകയായിരുന്നു.
അർജുനും അങ്കുഷും പൂന്തോട്ടത്തിൽ പ്രവേശിച്ചപ്പോൾ വാട്ടർ ടാങ്ക് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച നിലയിലായിരുന്നു. വാച്ചർമാർ തുടർച്ചയായി മൂടുപടം ഇല്ലാത്തതു സംബന്ധിച്ച് ആശങ്കകൾ ഉന്നയിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. അടപ്പുണ്ടായിരുന്നെങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്ന് കുട്ടികളുടെ പിതാവ് മനോജ് വാൻഗ്രി പറയുന്നു.
കുട്ടികളെ ആരും ടാങ്കിലേക്ക് തള്ളിയിട്ടില്ലെന്നും കളിക്കുന്നതിനിടയിൽ ഒരാൾ ആദ്യം അതിൽ വീഴുകയും മറ്റൊരാൾ രക്ഷിക്കാനുള്ള ശ്രമത്തിൽ വീണുപോയതുമാണെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും വിഷയം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് കോർപ്പറേഷൻ ജീവനക്കാരെത്തി ടാങ്കിന് മുകളിൽ മൂടി വെച്ചതായി നാട്ടുകാർ വ്യക്തമാക്കി. പൂന്തോട്ടത്തിലേക്കുള്ള പ്രവേശനവും അധികൃതർ തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.