മുംബൈയിൽ ജനുവരി ഏഴു വരെ നിരോധനാജ്ഞ; പുതുവത്സരാഘോഷത്തിന് വിലക്ക്
text_fieldsമുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുംബൈ നഗരത്തിൽ 144 പ്രഖ്യാപിച്ച് പൊലീസ്. ഇന്നു മുതൽ ജനുവരി ഏഴു വരെയാണ് നിയന്ത്രണം. റെസ്റ്റോറൻറ്, ഹോട്ടൽ, ബാർ, പബ്ബുകൾ, റിസോർട്ട്, ക്ലബ്ബ് എന്നിവയുൾപ്പെടെ അടച്ചിട്ടതോ തുറസ്സായതോ ആയ സ്ഥലങ്ങളിലെ പുതുവത്സര ആഘോഷങ്ങൾക്കും പാർട്ടികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188ാം വകുപ്പ് പ്രകാരവും എപിഡമിക് ഡിസീസ് ആക്ട് 1897, നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്‍റ് ആക്ട് 2005 എന്നീ നിയമങ്ങൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യുമെന്ന് മുംബൈ ഡെപ്യൂട്ടി കമ്മീഷണർ എസ്. ചൈതന്യ പറഞ്ഞു.
3900 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,510 കേസുകളും മുംബൈയിൽ നിന്നാണ്. നിലവിൽ 8,060 സജീവ കേസുകളാണ് നഗരത്തിലുള്ളത്. 97 ശതമാനമാണ് നഗരത്തിലെ രോഗമുക്തി നിരക്ക്.
അതേസമയം മഹാരാഷ്ട്രയിൽ 85 ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 20 പേരാണ് സംസ്ഥാനത്ത് കേവിഡ് മൂലം മരണപ്പെട്ടത്.
രാജ്യത്ത് 180 പുതിയ ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 961 ആയി. 13,154 കേവിഡ് കേസുകളും 268 മരണവുമാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.