അൻമോൽ ബിഷ്ണോയി അമേരിക്കയിലെന്ന്; പിടികൂടാൻ മുംബൈ പൊലീസ്
text_fieldsമുംബൈ: നടൻ സൽമാൻ ഖാന്റെ വീടിനുനേരെ വെടിയുതിർത്ത കേസിലെ പിടികിട്ടാപ്പുള്ളിയും അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനുമായ അൻമോൽ ബിഷ്ണോയിയെ പിടികൂടി കൈമാറാനുള്ള നടപടികൾക്ക് മുംബൈ പൊലീസ് തുടക്കംകുറിച്ചു. അൻമോൽ തങ്ങളുടെ രാജ്യത്തുണ്ടെന്ന് അമേരിക്ക അറിയിച്ചതിനെ തുടർന്നാണിത്.
സൽമാൻ കേസിൽ അൻമോലിനെതിരെ മുംബൈ പൊലീസ് റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേതുടർന്നാണ് അമേരിക്ക വിവരം നൽകിയത്. ഇതോടെ അൻമോൽ ബിഷ്ണോയിയെ പിടികൂടി കൈമാറാനുള്ള നടപടികൾക്ക് അനുമതിതേടി ക്രൈംബ്രാഞ്ച് കഴിഞ്ഞ 16ന് പ്രത്യേക കോടതിയെ സമീപിച്ചു.
അനുമതി ലഭിച്ചതോടെ കേന്ദ്ര ആഭ്യന്തര വകുപ്പിന് കേസ് രേഖകൾ കൈമാറുകയും ചെയ്തു. വിദേശകാര്യ വകുപ്പാണിനി അമേരിക്കൻ അധികൃതരുമായി തുടർന്ന് നടപടി എടുക്കേണ്ടത്. റാപ്പറും കോൺഗ്രസ് നേതാവുമായ സിന്ധു മൂസെവാല, മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദീഖി എന്നിവരുടെ കൊലപാതകങ്ങളും അടക്കം അൻമോലിന് എതിരെ രാജ്യത്ത് 18 കേസുകളുണ്ട്.
അതേസമയം, സൽമാൻ കേസിലെ മുഖ്യപ്രതി ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയെ ഇതുവരെ ചോദ്യം ചെയ്യാൻ മുംബൈ പൊലീസിന് കഴിഞ്ഞിട്ടില്ല. രാജ്യത്ത് കഴിയുന്ന ഖലിസ്ഥാൻ വാദികൾക്കെതിരെ ഇന്ത്യൻ ഏജൻസികൾ ബിഷ്ണോയി സംഘത്തെ ഉപയോഗിക്കുന്നതായി കാനഡ ഈയിടെ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.