ബാങ്കുകൾക്ക് ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ബാങ്കുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയിലിലൂടെ ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗുജറാത്തിൽ നിന്നാണ് ഒരാൾ പിടിയിലായത്. വഡോദര ജില്ലയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ആർ.ബി.ഐ ഉൾപ്പടെ രാജ്യത്തെ പ്രമുഖ ബാങ്കുകൾക്ക് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചിരുന്നു. റിസർവ് ബാങ്കിന് പുറമേ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവക്കും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മുംബൈയിൽ 11 ഇടങ്ങളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഇമെയിൽ സന്ദേശമാണ് പൊലീസിന് ലഭിച്ചത്. ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്, കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ എന്നിവർ രാജിവെക്കണമെന്നാണ് ഭീഷണി സന്ദേശം അയച്ചവരുടെ ആവശ്യം.
ആർ.ബി.ഐയിൽ ഉൾപ്പടെ പ്രമുഖ ബാങ്കുകളിൽ ബോംബ് വെച്ചിട്ടുണ്ട്. രാജ്യത്തെ ബാങ്കുകൾ വലിയ അഴിമതി നടത്തിയിട്ടുണ്ട്. ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിനും ധനകാര്യമന്ത്രി നിർമലസീതാരാമനും അഴിമതിയിൽ പങ്കുണ്ട്. ബാങ്കിങ് മേഖലയിലെ ചില ഉന്നത ഉദ്യോഗസ്ഥർക്കും അഴിമതിയിൽ പങ്കുണ്ടെന്നും ഇമെയിൽ സന്ദേശത്തിൽ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.