അർണബിനെ വിടാതെ മുംബൈ പൊലീസ്; പാല്‍ഘര്‍ ചർച്ചയിലെ പരാമർശങ്ങളിൽ ഹാജരാകാൻ നോട്ടീസ്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ ആൾക്കൂട്ടം കൊലചെയ്ത സംഭവത്തെക്കുറിച്ച് ചാനല്‍ ചര്‍ച്ചക്കിടെ സാമുദായിക വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങൾ നടത്തിയതിെൻറ പേരില്‍ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് മുംബൈ പൊലീസ് നോട്ടീസ് അയച്ചു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 108-ാം വകുപ്പുപ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒക്ടോബർ 16ന് വേർളി അഡീഷണൽ കമീഷണർക്ക് മുമ്പാകെ ഹാജരാകണമെന്നാണ് നിർദേശം. അതേദിവസം നാലു മണിക്ക് മുമ്പ് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാകാനും ആവശ്യപ്പെട്ടുണ്ട്. പ്രകോപനപരമായ ഉള്ളടക്കമുള്ള വാർത്തകൾ സംപ്രേക്ഷണം ചെയ്യരുതെന്ന കരാറിൽ ഒപ്പുവെക്കണമെന്ന നിർദേശവും അർണബിന് നൽകിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ വ്യാജമായി റേറ്റിങ് വർധിപ്പിച്ച റിപ്പബ്ലിക് ടി.വിക്കെതിരെ മുംബൈ പൊലീസ് നടപടിയെടുത്തിരുന്നു.
പാല്‍ഘര്‍ സംഭവത്തിൻെറ പശ്ചാത്തലത്തില്‍ ഏപ്രില്‍ 21ന് 'പൂഛ്താ ഹേ ഭാരത്' എന്ന പേരില്‍ അര്‍ണബ് ഗോസ്വാമി ചാനലില്‍ ഒരു പരിപാടി നടത്തിയിരുന്നു. ഈ പരിപാടിക്കിടയില്‍ ഹിന്ദുവായിയിരിക്കുന്നതും, കാവി വസ്ത്രം ധരിക്കുന്നതും കുറ്റമാണോയെന്നും ഇരകള്‍ ഹിന്ദുക്കളല്ലായിരുന്നെങ്കില്‍ ആളുകള്‍ നിശബ്ദരായിരിക്കുമോയെന്നും ചോദിച്ചിരുന്നു.
ഐ.പി.സി 153 -കലാപത്തിന് പ്രകോപനം നല്‍കുക, ഐ.പി.സി 153-മത വിദ്വേഷ വളര്‍ത്തുക തുടങ്ങി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളാണ് അര്‍ണബിനെതിരെ ചുമത്തിയിരിക്കുന്നത്.
അര്‍ണബിെൻറ വർഗീയ-വിദ്വേഷ പരാമര്‍ശങ്ങൾ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുളള സാമുദായിക സ്പര്‍ധക്ക് ഇടയാക്കാവുന്നതാണെന്നും വീഡിയോ ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടാക്കിയതെന്നും നോട്ടീസില്‍ പറയുന്നു.
ലോക്ഡൗണ്‍ കാലത്ത് ബാന്ദ്ര റെയില്‍വേ സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ കുടിയേറ്റ തൊഴിലാളികളെ കുറിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അര്‍ണബ് നടത്തിയതായി നോട്ടീസില്‍ പറയുന്നുണ്ട്. ഈ സംഭവത്തിലും അര്‍ണബിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയിതിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.