കുപ്രസിദ്ധ സീരിയൽ കില്ലർ രമൺ രാഘവിനെ അറസ്റ്റ് ചെയ്ത പൊലീസ് ഓഫീസർ അന്തരിച്ചു
text_fieldsമുബൈ: ഇന്ത്യയിൽ കോളിളക്കം സൃഷ്ടിച്ച സീരിയൽ കില്ലർ രമൺ രാഘവിനെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ അലക്സ് ഫിയാൽഹോ അന്തരിച്ചു. 92 വയസ്സായിരുന്ന ഫിയാൽഹോ മുംബൈയിലെ വസതിയിലായിരുന്നു അന്തരിച്ചത്.
1968ലാണ് മുംബൈയെ ഭീതിയിലാഴ്ത്തി രമൺ രാഘവ് നിറഞ്ഞാടിയത്. വീടില്ലാതെ തെരുവിൽ ഉറങ്ങുന്നവരായിരുന്നു പ്രധാനമായും രാഘവിൻെറ ഇരകളായത്. 1960 കളിൽ രമൺ രാഘവ് കൊന്നുതള്ളിയത് 40ലേറെ മനുഷ്യരെയായിരുന്നു. ഉറങ്ങിക്കിടക്കുന്നവരെ തലക്കടിച്ച് കൊല്ലുന്നതായിരുന്നു രാഘവിൻറെ രീതി.
ഇതോടെ അന്വേഷണം ഊർജ്ജിതമാക്കിയ മുംബൈ പൊലീസ് കൊലപാതകങ്ങൾക്ക് പിന്നിൽ തമിഴ്നാട്ടിൽ നിന്നും കുടിയേറിയ രമൺ രാഘവാണെന്ന് മനസ്സിലാക്കി. അന്വേഷണത്തിനായി രൂപീകരിച്ച ഇസ്പെക്ടർ വിനായക്റാവൂ വകത്കറിൻെറ സംഘത്തിൽ അംഗമായിരുന്നു ഫിയാൽഹോ. രമൺ രാഘവിൻെറ ചിത്രം പേഴ്സിൽ വെച്ചായിരുന്നു ഫിയാൽഹോ എപ്പോഴും നടന്നിരുന്നത്.
ഒടുവിൽ ദോങ്കിരിയിൽ വെച്ച് രമൺ രാഘവിനെ ഫിയാൽഹോ അറസ്റ്റ് ചെയ്യുകയായിരുന്നു. കടുത്ത വെയിലുള്ള ദോങ്കിരിയിൽ നനഞ്ഞ കുടയുമായി ഒരാൾ നിൽക്കുന്നതാണ് ഫിയാൽഹോയിൽ സംശയം ജനിപ്പിച്ചത്. ചോദ്യം ചെയ്തപ്പോൾ മലദിൽ നിന്നാണ് വരുന്നതെന്ന് അയാൾ മറുപടി നൽകി. കൊലയാളി മഴയുള്ള മലദിൽ കുറച്ചു ദിവസമായി താമസിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
രമൺ രാഘവ് മുമ്പും തനിക്ക് മുമ്പിലൂടെ കടന്നുപോയിട്ടുണ്ടെന്നും അന്ന് മനസ്സിലാക്കാൻ കഴിയാത്തതിൽ കുറ്റബോധം തോന്നിയിരുന്നെന്നും ഫിയാൽഹോ അഭിമുഖത്തിൽ പറഞ്ഞിരുന്നു. രമൺ രാഘവിനെ പിടികൂടിയത്ഫിയാൽഹോയുടെ കരിയറിൽ വലിയ പ്രശസ്തി നേടിക്കൊടുത്തു. രാഷ്ട്രപതിയുടെ മെഡലിനർഹനായ ഫിയാൽഹോ അസിസ്റ്റൻറ് കമീഷണറായാണ് വിരമിച്ചത്. നവാസുദ്ദീൻ സിദ്ദീഖിയെ നായകനാക്കി 2016ൽ അനുരാഗ് കശ്യപ് രമൺ രാഘവ് 2.0 ഒരുക്കിയതിന് പിന്നാലെ ഫിയാൽഹോ വീണ്ടും വാർത്തകളിലിടം പിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.