രാജ് കുന്ദ്രക്ക് രേഖകൾ സൂക്ഷിക്കാൻ രഹസ്യ അറ; പിടിച്ചെടുത്തത് സുപ്രധാന ഫയലുകൾ
text_fieldsമുംബൈ: നീലച്ചിത്ര നിർമാണ കേസിൽ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ ഒാഫീസിൽ രഹസ്യ അറ. മുംബൈ അന്ധേരിയിലെ വിയാൻ ഇൻഡസ്ട്രീസ്, ജെ.എൽ സ്ട്രീം എന്നിവയുടെ ഒാഫീസിൽ ക്രൈംബ്രാഞ്ച് നടത്തിയ തെരച്ചിലിലാണ് രഹസ്യ അറ കണ്ടെത്തിയത്. അറയിൽ നിന്ന് രഹസ്യ ഫയലുകളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
പെട്ടികളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഫയലുകളും രേഖകളും. ഒാഫീസിലെ ലോക്കറിൽ സൂക്ഷിച്ച ബാങ്ക് വഴിയുള്ള സാമ്പത്തിക ഇടപാടുകളുമായും ക്രിപ്റ്റോ കറൻസിയുമായും ബന്ധപ്പെട്ട നിരവധി ഫയലുകളും പിടിച്ചെടുത്തിട്ടുണ്ട്. കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ഒാഫീസുകളിൽ പരിശോധന നടത്തിയത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ രാജ് കുന്ദ്രയുടെ കമ്പനിയിൽ നിന്ന് കാൻപൂർ നഗരത്തിലെ രണ്ട് അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ വഴിമാറ്റിയതായി കണ്ടെത്തിയിരുന്നു. ബാരാ, കന്‍റോൺമെന്‍റ് ഏരിയകളിലെ ബാങ്ക് ശാഖകളിലേക്ക് 12ൽ അധികം പണ കൈമാറ്റങ്ങളാണ് നടത്തിയിട്ടുള്ളത്. രണ്ടു കോടി 38 ലക്ഷം രൂപ രണ്ട് ബാങ്ക് അക്കൗണ്ടുകളായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്.
ഹർഷിത, നർബദ ശ്രീവാസ്തവ എന്നിവരുടെ അക്കൗണ്ടിലാണ് പണമെത്തിയത്. പഞ്ചാബ് നാഷണൽ ബാങ്കിലെ ബാരാ ശാഖയിൽ 2.32 കോടി രൂപയാണ് നിക്ഷേപിച്ചത്. ഈ സാഹചര്യത്തിൽ കുന്ദ്രയുമായി ബന്ധമുള്ള ടെലിവിഷൻ നടിയും മോഡലുമായ ഗെഹന വസിഷ്ഠ് അടക്കം 11 പേരുടെ 18 അക്കൗണ്ടുകളിലെ ഇടപാടുകൾ ക്രൈംബ്രാഞ്ച് മരവിപ്പിച്ചിട്ടുണ്ട്. കുന്ദ്രയുടെ ഭോപ്പാൽ, മീററ്റ് ബാങ്ക് ശാഖകളിൽ നിന്ന് ഈ അക്കൗണ്ടുകളിലേക്ക് ഏഴു കോടി 31 ലക്ഷം രൂപയാണ് എത്തിയത്.
അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും അവ സമൂഹമാധ്യമങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ ജൂലൈ 19നാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ആപ് വഴി അശ്ലീല വിഡിയോകൾ വിൽപന നടത്തിയെന്നാണ് കുന്ദ്രക്കെതിരായ കേസ്. കുന്ദ്രയുടെ സഹായി റിയാൻ തോർപ് അടക്കം ഒമ്പതു പേർ പിടിയിലായിട്ടുണ്ട്.
കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടിയെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മൊബൈൽ ആപ് വഴി കുന്ദ്ര വിൽപന നടത്തിയ വിഡിയോകൾ വികാരങ്ങളെ ഉണർത്തുന്നവ മാത്രമാണെന്നും നീലച്ചിത്രത്തിന്‍റെ പരിധിയിൽ പെടുത്താവുന്നതല്ലെന്നും ചോദ്യം െചയ്യലിൽ ശിൽപ പറഞ്ഞതായി പൊലീസ് വൃത്തങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.