മുംബൈയിലെ വൈദ്യുതി മുടക്കം; ചൈനീസ് ഹാക്കർമാരുടെ അട്ടിമറിയെന്ന റിപ്പോർട്ട് ശരിവെച്ച് മഹാരാഷ്ട്ര
text_fieldsമുംബൈ: ഒക്ടോബറിൽ മുംബൈ നഗരത്തെ മണിക്കൂറുകളോളം സ്തംഭിപ്പിച്ച് വൈദ്യുതി നിലച്ചതിനു പിന്നിൽ ഹാക്കർമാരുടെ വൈറസ് ആക്രമണമാകാമെന്ന 'ന്യൂയോർക് ടൈംസ്' റിപ്പോർട്ട് ശരിവെച്ച് മഹാരാഷ്ട്ര. ഒക്ടോബർ 12ന് മണിക്കൂറുകളോളമാണ് വൈദ്യുതി നിലച്ചത്.
ഇലക്ട്രിക് ട്രെയിൻ, ആശുപത്രി, ഒാഹരി വിപണി, വ്യവസായ സ്ഥാപനങ്ങൾ എല്ലാം സ്തംഭിച്ചിരുന്നു. ഇന്ത്യ-ചൈന സൈന്യങ്ങൾ ലഡാക്കിൽ മുഖാമുഖം നിന്ന സമയത്ത് വൈദ്യുത വിതരണ കേന്ദ്രത്തിലെ സിസ്റ്റത്തിൽ ചൈനീസ് ഹാക്കർമാർ വൈറസ് കടത്തി വൈദ്യുത വിതരണം അട്ടിമറിച്ചതാകാമെന്നാണ് 'ന്യൂയോർക് ടൈംസ്' റിപ്പോർട്ട് ചെയ്തത്. ഒാൺലൈൻ ഡിജിറ്റൽ ആക്രമണങ്ങൾ നിരീക്ഷിക്കുന്ന അമേരിക്കയിലെ റെക്കോഡ് ഫ്യൂച്ചർ എന്ന സ്ഥാപനമാണ് മുംബൈയിൽ വൈറസ് ആക്രമണം നടന്നതായി കണ്ടെത്തിയത്.
ഇതിൽ സത്യമുണ്ടെന്ന് മഹാരാഷ്ട്ര വൈദ്യുത മന്ത്രി നിതിൻ റാവുത്ത് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സൈബർ സെൽ നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച സർക്കാറിന് സമർപ്പിച്ചു. പ്രധാന വൈദ്യുത വിതരണ കേന്ദ്രമായ പഡ്ഗയിലെ സിസ്റ്റത്തിൽ വൈറസ് കടത്തി വൈദ്യുത വിതരണം അട്ടിമറിച്ചതാണെന്ന് നേരത്തെ അന്വേഷണം നടത്തിയ മഹാരാഷ്ട്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷനും സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയും സംശയം പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.