നേപ്പാൾ വിമാനം കാണാതായ സംഭവം: മുംബൈ കുടുംബത്തിനായി പ്രാർഥനയോടെ രാജ്യം
text_fieldsമുംബൈ: കാണാതായ നേപ്പാൾ വിമാനത്തിലെ യാത്രക്കാരായ ഇന്ത്യക്കാർക്കായി പ്രാർഥനയോടെ കുടുംബവും രാജ്യവും. മുംബൈക്കടുത്ത് താണെയിലെ കപൂർബൗഡി പ്രദേശത്ത് താമസിക്കുന്ന അശോക് കുമാർ ത്രിപാഠി, ഭാര്യ വൈഭവി ബന്ദേക്കർ ത്രിപാഠി, മക്കളായ ധനുഷ്, റിതിക എന്നിവരുടെ കുടുംബാംഗങ്ങളാണ് ആശങ്കയിൽ കഴിയുന്നത്. മുംബൈയിൽനിന്നുള്ള കുടുംബത്തിലെ നാലുപേരടക്കം 22 പേർ വിമാനത്തിലുള്ളതായാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്.
ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ നേപ്പാളിലെ ഇന്ത്യൻ എംബസി മുംബൈ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. വൈഭവി ബന്ദേക്കർ ത്രിപാഠി പാസ്പോർട്ടിൽ നൽകിയിരുന്നത് മുംബൈയിലെ ബോറിവ് ലി നഗരപ്രാന്തത്തിലുള്ള ചിക്കുവാഡി പ്രദേശത്തിന്റെ വിലാസമായിരുന്നു. ഇതനുസരിച്ച് മുംബൈ പൊലീസ് സംഘം ബോറിവ് ലിയിലെ ഫ്ലാറ്റിൽ എത്തിയെങ്കിലും പൂട്ടിയിട്ട നിലയിലായിരുന്നു. വീട് ആർക്കോ വാടകക്ക് നൽകിയതായിരുന്നു. ത്രിപാഠി കുടുംബം താണെ നഗരത്തിലേക്ക് താമസം മാറ്റിയതായി പിന്നീട് അയൽവാസികളാണ് പൊലീസിനോട് പറഞ്ഞത്.
തുടർന്ന് പൊലീസ് അവിടെ താമസിക്കുന്ന ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരം ലഭിച്ചത്. മുംബൈ പൊലീസ് ആ വിവരങ്ങൾ ഇന്ത്യൻ എംബസിക്ക് കൈമാറി. കുടുംബാംഗങ്ങളോട് നേപ്പാളിലെ എംബസിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും താണെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പൈലറ്റിന്റെ മൊബൈൽ ഫോൺ സിഗ്നൽ ലഭിച്ചു
കാഠ്മണ്ഡു: കാണാതായ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ പ്രഭാകർ ഗിമൈറിന്റെ മൊബൈൽ ഫോണിൽനിന്നുള്ള സിഗ്നൽ ലഭിച്ചതായി നേപ്പാൾ വ്യോമയാന മന്ത്രാലയം. സംഭവം നടന്ന് ഏറെ നേരം പിന്നിട്ടിട്ടും പൈലറ്റിന്റെ മൊബൈൽ ഫോൺ റിങ് ചെയ്തതിനെ തുടർന്ന് നേപ്പാൾ ടെലികോം വകുപ്പാണ് ജി.പി.എസിന്റെ സഹായത്തോടെ മൊബൈൽ സിഗ്നൽ ട്രാക്ക് ചെയ്തത്.
നേപ്പാൾ സൈനികർ ഉൾപ്പെടുന്ന രക്ഷാസേനക്ക് വിമാനം തകർന്നുവീണെന്ന് സംശയിക്കുന്ന സ്ഥലം കൃത്യമായി കണ്ടെത്താൻ ഇത് സഹായകമാവുമെന്നാണ് വിലയിരുത്തൽ. മൊബൈൽ സിഗ്നൽ പിന്തുടർന്ന് നേപ്പാൾ സൈനിക ഹെലികോപ്ടർ വിമാനം തകർന്നു വീണെന്ന് സംശയിക്കുന്ന സ്ഥലത്ത് ലാൻഡ് ചെയ്തിട്ടുണ്ട്. മസ്താങ് ജില്ലയിലെ കോവാങ്ങിൽ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതായി പ്രദേശവാസികൾ സൈന്യത്തെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ, യാത്രക്കാരെ സംബന്ധിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
10 സൈനികർ അടങ്ങുന്ന സംഘമാണ് തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നത്. മോശം കാലാവസ്ഥയും മഴയും കാരണം ചെങ്കുത്തായ മലഞ്ചെരുവിൽ തിരച്ചിൽ നടത്തുക ഏറെ ദുഷ്കരമാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. രാത്രി വൈകിയതോടെ തിരച്ചിൽ നിർത്തിവെക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.