മുംബൈ സ്ഫോടന പരമ്പര; അഞ്ചുപ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും
text_fieldsമുംബൈ: 1993ലെ 257 പേർ കൊല്ലപ്പെട്ട മുംബൈ സ്ഫോടന പരമ്പരക്കേസിൽ അബു സലീം ഉൾപെടെയുള്ള അഞ്ചുപ്രതികളുടെ ശിക്ഷ കോടതി ഇന്ന് പ്രഖ്യാപിക്കും. ശിക്ഷ മുംബൈ പ്രത്യേക ടാഡ കോടതി ജഡ്ജി ജി.എ സനാപ് ആണ് പ്രഖ്യാപിക്കുക. ആറുപ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ ജൂൺ പതിനാറിന് കോടതി കണ്ടെത്തിയിരുന്നു. അബൂസലീം, ഫിറോസ് ഖാൻ, താഹിർ മർച്ചൻറ്, കരിമുള്ളാ ഖാൻ, റിയാസ് അഹമ്മദ് സിദ്ദീഖി എന്നിവർക്കുള്ള ശിക്ഷയാണ് ഇന്ന് പ്രഖ്യാപിക്കുക. കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒരു പ്രതി മുസ്തഫ ദോസ ജൂൺ 28 ന് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു.
മുഖ്യപ്രതികകളായ താഹിർ മർച്ചൻറ്, കരീമുള്ള ഖാൻ, ഫിറോസ്ഖാൻ എന്നിവർക്ക് യാക്കൂബ് മേമന് നൽകിയതു പോലെ വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷെൻറ ആവശ്യം. അധോലോക ഭീകരനായ അബൂസലീമിന് ജീവപര്യന്തം നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. പോർച്ചുഗൽ പൗരനായ അബൂസലീമിനെ ഇന്ത്യയിലെത്തിക്കുമ്പോഴുണ്ടാക്കിയ ഉടമ്പടി പ്രകാരം വധ ശിക്ഷ നൽകാൻ സാധിക്കില്ല.
അതേസമയം പ്രതികൾക്ക് പത്തുവർഷത്തിൽ താഴെയുള്ള ശിക്ഷമാത്രമേ നൽകാവൂ എന്ന് പ്രതിഭാഗം കോടതിയോട് അപേക്ഷിച്ചു. പ്രതികൾക്കെതിരെ ചാർത്തിയ രാജ്യത്തിനെതിരെ യുദ്ധംചെയ്യൽ എന്ന കുറ്റം കോടതി എടുത്തുകളഞ്ഞിരുന്നു.
1993 മാർച്ച് പന്ത്രണ്ടിന് മുംബൈയിൽ 12 ഇടങ്ങളിലുണ്ടായ തുടർ സ്ഫോടങ്ങളിൽ 257 പേർ മരിക്കുകയും 713 പേർക്ക് പരിക്കേൽകുകയും ചെയ്തിരുന്നു. കേസിൽ 2015ൽ യാക്കൂബ് മേമനെ തൂക്കിലേറ്റി. സ്ഫോടനത്തിൻറ മുഖ്യസൂത്രധാരൻമാരായ അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹീമും ടൈഗർ മേമനും ഇപ്പോഴും പാക്കിസ്താനിൽ ഒളിവിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.