മതിയായ ഡോക്ടർമാരോ കിടക്കകളോ ഇല്ല; മുംബൈയിൽ ആരോഗ്യ മേഖല പ്രതിസന്ധിയിൽ
text_fieldsമുംബൈ: മതിയായ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും കിടക്കകളുമില്ലാതെ മുംബൈ നഗരത്തിലെ ആരോഗ്യ മേഖല പ്രതിസന്ധിയിൽ. നഗരത്തിലെ പൊതു-സ്വകാര്യ ആശുപത്രികളിലാണ് സൗകര്യങ്ങളില്ലാത്തതിനെ തുടർന്ന് ജനങ്ങൾ വീർപ്പു മുട്ടുന്നത്. മിക്ക ആശുപത്രികളിലെയും ഐ.സി.യു രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. ഡോക്ടർമാരും ആരോഗ്യപരിപാലന വിദഗ്ധരുമുൾപ്പെടെ 400ഓളം ജീവനക്കാരുടെ കുറവാണ് അനുഭവപ്പെടുന്നത്.
ലോക്ഡൺ പ്രഖ്യാപിച്ചിട്ടുപോലും ദിവസേന ശരാശരി 400 കോവിഡ് കേസുകൾ മുംബൈയിലുണ്ടാവുന്നുണ്ട്. രണ്ട് കോടിയാണ് മുംബൈയിലെ ജനസംഖ്യ. ഐ.സി.യുവിലേക്കുൾപ്പെടെ മതിയായ കിടക്കകളോ ഡോക്ടർമാരോ ഇല്ലാതെയാണ് ആശുപത്രികൾ പ്രവർത്തിക്കുന്നത്. മെയ് ഒന്ന് വരെയുള്ള കണക്കനുസരിച്ച് ആർ.എൻ കൂപ്പർ ആശുപത്രിയിൽ 11 കിടക്കകളും കെ.ഇ.എം ആശുപത്രിയിൽ ആറ് കിടക്കകളും കസ്തൂർബ ആശുപത്രിയിൽ 12 കിടക്കകളും മാത്രമാണ് കോവിഡ് രോഗികൾക്കായുള്ളതെന്ന് ‘എക്കണോമിക് ടൈംസ്’ റിേപാർട്ട് ചെയ്യുന്നു.
സ്വകാര്യ ആശുപത്രികളിലും സ്ഥിതി മറിച്ചല്ല. പി.ഡി. ഹിന്ദുജ ആശുപത്രിയിൽ 42 കിടക്കകളാണ് കോവിഡ് രോഗികൾക്കായി മാറ്റി വെച്ചത്. ഇവയിലെല്ലാം രോഗികൾ ഇടംപിടിച്ചുകഴിഞ്ഞു. വോക്ഹാഡ് ആശുപത്രിയിൽ ഒരു കിടക്ക മാത്രമേ കോവിഡ് രോഗിക്ക് ഇനി ലഭ്യമായുള്ളൂ. ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ ഒരു കിടക്ക മാത്രമാണ് ബാക്കിയുള്ളത്. വിഖ്രോളിയിലെ ശുശ്രൂഷ ആശുപത്രിയിലും സെവൻഹിൽസ് റിലയൻസ് ആശുപത്രിയിലുമാണ് അൽപമെങ്കിലും കിടക്കകൾ ലഭ്യമായിട്ടുള്ളത്. ശുശ്രൂഷയിൽ 73 കിടക്കകളും സെവൻഹിൽസ് റിലയൻസിൽ 42 കിടക്കകളുമുണ്ട്.
കോവിഡ് ഇതര രോഗവുമായി ആശുപത്രിയിലെത്തുന്നവർക്ക് പ്രവേശനം ലഭിക്കാൻ ബുദ്ധിമുട്ടേണ്ടി വരുന്ന ഗുരുതരമായ സാഹചര്യമാണ് മുംബൈയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.