മുംബൈയിൽ നിന്ന് നവി മുംബൈയിലേക്ക് ഇനി 20 മിനിറ്റ് കൊണ്ടെത്താം; ഇന്ത്യയിലെ ഏറ്റവും നീളമുള്ള കടൽപാലം ഉദ്ഘാടനം ചെയ്തു
text_fieldsമുംബൈ: മുംബൈയെ നവി മുംബൈയുമായി കടൽവഴി ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലം- അടൽ സേതു - പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ നടക്കുന്ന പദ്ധതി ഉദ്ഘാടന വേദി മോദി ആത്മപ്രശംസയുടെ അവസരമാക്കി. പാലം പൂർത്തീകരണം ‘താൻ നൽകിയ ഉറപ്പാണെ’ന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. 17,840 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്. ആറുവരി ട്രാൻസ്-ഹാർബർ പാലത്തിന് 21.8 കിലോമീറ്റർ നീളമുണ്ട്. ഇതിൽ 16.5 കിലോമീറ്റർ കടലിലാണ്. 2016 ഡിസംബറിൽ മോദിയാണ് പാലത്തിന് തറക്കല്ലിട്ടത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും കടൽപ്പാലം പൂർത്തീകരിക്കാനായത് നേട്ടമാണെന്ന് മോദി പിന്നീട് പൊതുയോഗത്തിൽ പറഞ്ഞു. പദ്ധതി പൂർത്തീകരണ വേളയിൽ ജപ്പാൻ സർക്കാറിന് നന്ദി രേഖപ്പെടുത്തുന്നതായി മോദി പറഞ്ഞു. നിര്യാതനായ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ അദ്ദേഹം സ്മരിച്ചു.
മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് പദ്ധതി പൂർത്തീകരിക്കുമെന്ന് തങ്ങൾ ഇരുവരും പ്രതിജ്ഞയെടുത്തിരുന്നതാണെന്ന് മോദി കൂട്ടിച്ചേർത്തു. താണെ-വാശി/പൻവേൽ ട്രാൻസ്-ഹാർബർ ലൈനിലെ പുതിയ സബർബൻ ദിഘഗാവ് റെയിൽവേ സ്റ്റേഷന്റെയും മുംബൈയിലെ ഖർ റോഡ് ഗോറിഗോൺ റെയിൽവെ സ്റ്റേഷനുകൾക്കിടയിലെ ആറാം പാതയുടെയും ഉദ്ഘാടനം മോദി നിർവഹിച്ചു. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ തീരദേശ റോഡ്, ഔറംഗാബാദ് വ്യവസായ നഗരം, മുംബൈ-ഡൽഹി വ്യവസായ ഇടനാഴി, ബുള്ളറ്റ് ട്രെയിൻ എന്നിവ വരുംവർഷങ്ങളിൽ മഹാരാഷ്ട്ര സമ്പദ്വ്യവസ്ഥയെ കരുത്തുറ്റതാക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു.
അടൽ സേതു മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് പാലം
മുംബൈയിലെ സെവ്റിയെയും റെയ്ഗഡ് ജില്ലയിലെ നവ ശേവയെയും ബന്ധിപ്പിക്കുന്നു. നവിമുംബൈയിലേക്ക് യാത്രസമയം രണ്ടു മണിക്കൂറിൽ നിന്ന് 20 മിനുട്ടായി കുറയും.
- രാജ്യത്തെ ഏറ്റവും വലിയ കടൽപാലം. 2017 നവംബറിൽ നിർമാണം ആരംഭിച്ചു.
- ആറു വരി പാത. സമുദ്ര നിരപ്പിൽനിന്ന് 15 മീറ്റർ ഉയരം
- 21.8 കിലോ മീറ്റർ ദൂരം. കടലിന് മുകളിലൂടെ മാത്രം 16.5 കിലോ മീറ്റർ
- ദിവസം 70,000 വാഹനങ്ങൾക്ക് യാത്രചെയ്യാം
- നിർമാണ ചെലവ് 17,840 കോടി രൂപ
- ടോൾ ഒരു ഭാഗത്തേക്ക് 250 രൂപ
- ഉയർന്ന വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ
- ബസുകളും ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ വേഗം കുറഞ്ഞ വാഹനങ്ങൾക്ക് അനുമതിയില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.