ട്രെയിനിലെ കൂട്ടക്കൊല: പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് റെയിൽവേ പൊലീസ്
text_fieldsമുംബൈ: ഓടുന്ന ട്രെയിനിൽ എ.എസ്.ഐയെയും മൂന്ന് മുസ്ലിം യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിന് മാനസിക പ്രശ്നങ്ങളില്ലെന്ന് റെയിൽവേ പൊലീസ് കോടതിയെ അറിയിച്ചു. ചേതൻ സിങ്ങിന് മാനസിക പ്രശ്നങ്ങളില്ല, അതിനുവേണ്ടി ചികിത്സ തേടുന്നുമില്ല -ആർ.പി.എഫ് വ്യക്തമാക്കി. നാലുപേരെ കൊലപ്പെടുത്തിയ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു അഭിഭാഷകന്‍റെ വാദം. ചികിത്സ തേടുന്നുണ്ടെന്നും അവകാശപ്പെട്ടിരുന്നു.
ചേതൻ സിങ്ങിന്‍റെ കസ്റ്റഡി മുംബൈയിലെ ബോറിവാലി മജിസ്ട്രേറ്റ് കോടതി ആഗസ്റ്റ് 11 വരെ നീട്ടിയിരിക്കുകയാണ്. മതവിദ്വേഷം പരത്തൽ ഉൾപ്പെടെയുള്ള അധിക വകുപ്പുകൾ ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്. ട്രെയിനിലെ ആക്രമണത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് കുറ്റം ചുമത്തിയത്.
ജൂലൈ 31ന് പുലർച്ചെയാണ് ജയ്പുർ-മുംബൈ സെൻട്രൽ എക്സ്പ്രസിൽ ആർ.പി.എഫ് കോൺസ്റ്റബിൾ ഉത്തർ പ്രദേശിലെ ഹാഥ്റസ് സ്വദേശിയായ ചേതൻ സിങ്ങ് തന്‍റെ മേലുദ്യോഗസ്ഥനായ എ.എസ്.ഐ ടിക്കാറാം മീണയെയും, തുടർന്ന് മൂന്ന് മുസ്ലിം യാത്രക്കാരെയും വെടിവെച്ചു കൊന്നത്. അസ്ഗർ അബ്ബാസ് ശൈഖ് (48), അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ ഭൻപുർവാല (64), സയ്യിദ് സൈഫുല്ല (40) എന്നിവരാണ് കൊല്ലപ്പെട്ട യാത്രികർ. ഇവരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. രക്തത്തിൽ കുളിച്ചുകിടന്ന മൃതദേഹങ്ങൾക്കു സമീപം നിന്ന് ‘ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും മാത്രം വോട്ടുചെയ്യുക’ എന്ന് പ്രതി പറയുന്ന വിഡിയോ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.