'ഗുജറാത്തികളില്ലെങ്കിൽ മുംബൈ തകരും'; മഹാരാഷ്ട്ര ഗവർണറെ വീട്ടിലെത്തിക്കണമെന്ന് ഉദ്ധവ് താക്കറെ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ നിന്ന് ഗുജറാത്തികളെയും രാജസ്ഥാനികളെയും മാറ്റിനിറുത്തിയാൽ സംസ്ഥാനത്ത് പണമൊന്നും ബാക്കി കാണില്ലെന്നും മുംബയ്ക്ക് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി തുടരാനാകില്ലെന്നുമുള്ള ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ പ്രസ്താവന വിവാദത്തിൽ. വെള്ളിയാഴ്ച അന്ധേരിയിൽ ഗവർണർ നടത്തിയ പ്രസംഗമാണ് വിവാദമായത്.
ഗുജറാത്തികളെയും രാജസ്ഥാനികളെയും മുംബൈയിൽനിന്ന് പ്രത്യേകിച്ച് താനെയിൽ നിന്ന് പുറത്താക്കുകയാണെങ്കിൽ പിന്നെ എന്ത് മുംബൈ, എന്ത് താനെ, ഇവിടെ ഒരു ധനവും അവേശേഷിക്കാൻ പോകുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി തകരും. പിന്നെ മുംബൈയ്ക്ക് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന ഖ്യാതി തുടരാൻ കഴിയില്ല– എന്നായിരുന്നു പ്രസംഗത്തിൽ ഭഗത് സിങ് കോഷിയാരി പറഞ്ഞത്. ഗുജറാത്തികളും രാജസ്ഥാനികളും പണം മാത്രം നോക്കുന്നവരല്ലെന്നും നാടിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി നിലകൊള്ളുന്നവരാണെന്നും കോഷിയാരി പറഞ്ഞിരുന്നു.
കോഷിയാരിയുടെ പരാമർശത്തിനെതിരെ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തി. ഹിന്ദുക്കളെ വിഭജിക്കുന്നതാണ് കോഷിയാരിയുടെ വാക്കുകളെന്നു പറഞ്ഞ ഉദ്ധവ്, ഗവർണർ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.'മറാഠി സംസാരിക്കുന്ന, ഈ മണ്ണിൽ പിറന്നവർക്ക് ഗവർണറുടെ പരാമർശം അപമാനകരമാണ്. അദ്ദേഹത്തെ വീട്ടിലേക്കാണോ അതോ ജയിലിലേക്കാണോ അയയ്ക്കേണ്ടതെന്ന് സർക്കാർ തീരുമാനിക്കണം. രാഷ്ട്രപതിയുടെ സന്ദേശവാഹകനാണ് ഗവർണർ. ഗവർണറാണ് രാഷ്ട്രപതിയുടെ സന്ദേശം രാജ്യത്തെങ്ങും പ്രചരിപ്പിക്കുന്നത്. എന്നാൽ അദ്ദേഹം ഇത്തരത്തിൽ തെറ്റു ചെയ്യുന്നതു തുടർന്നാൽ ആര് നടപടിയെടുക്കും. അദ്ദേഹം മറാഠികളുടെയും അവരുടെ അഭിമാനത്തെയുമാണ് അപമാനിച്ചിരിക്കുന്നത്'–ഉദ്ധവ് പറഞ്ഞു. ശിവസേന എം.പി സഞ്ജയ് റാവുത്തും ഗവർണറുടെ പരാമർശത്തിനെതിരെ രംഗത്തുവന്നിരുന്നു.
ഗവർണറുടെ പ്രസ്താവനയോടു പ്രതികരിക്കാൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തയാറായില്ല. ഗവർണർ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനോട് യോജിക്കുന്നില്ലെന്നും ഷിൻഡെ പറഞ്ഞു. 'മുംബൈയെ കുറിച്ചുള്ള കോഷിയാരിയുടെ കാഴ്ചപ്പാടിനോടു യോജിപ്പില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. അദ്ദേഹം ഒരു ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ആളാണ്. അതിനാൽതന്നെ അദ്ദേഹത്തിന്റെ പ്രവർത്തികൾ മറ്റുള്ളവരെ വേദനിപ്പിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.'– ഷിൻഡെ കൂട്ടിച്ചേർത്തു.
എന്നാൽ, മുംബെയെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി മാറ്റിയതിൽ രാജസ്ഥാനികളും ഗുജറാത്തികളും വഹിച്ച പങ്കിനെ പ്രകീർത്തിക്കുകയാണ് ചെയ്തതെന്നും എവിടെ പോയാലും അവർ കച്ചവടത്തിനുപരി സ്‌കൂളുകളും ആശുപത്രികളും ഉണ്ടാക്കി ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്യുന്നുണ്ടെന്നാണ് ഉദ്ദേശിച്ചതെന്നും രാജ്ഭവന്റെ പ്രസ്താവനയിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.