മുംബൈയിൽ യുവതി മാൻഹോളിൽ വീണു; മൃതദേഹം ലഭിച്ചത് 22 കിലോമീറ്റർ അകലെ നിന്ന്
text_fieldsമുംബൈ: മുംബൈയിൽ യുവതി മാൻഹോളിൽ വീണ് മരിച്ചു. ശീതൾ ദാമ(32) ആണ് മരിച്ചത്. ദിവസം മുഴുവൻ നീണ്ട തെരച്ചിലിനൊടുവിൽ 22 കിലോമീറ്റർ അകലെ ഹാജി അലി കടൽ ഭാഗത്തു വെച്ച് മൃതദേഹം ലഭിച്ചു. മുംബൈ മിററിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മാൻഹോളിൽ വീണ ശീതൾ ദാമ മലിനജലം പോകുന്ന കുഴലിലൂടെ ഒഴുകി ഹാജി അലി കടൽ ഭാഗത്ത് എത്തിയതാണെന്നാണ് കരുതുന്നത്. ഈ മാസം മൗന്നിനായിരുന്നു യുവതിയെ കാണാതാവുന്നത്. മഴയുള്ള ദിവസമായതിനാൽ മകനെ നേരത്തേ വീട്ടിലേക്കയച്ച് പിന്നാലെ തിരിച്ച ശീതൾ വീട്ടിലെത്തിയില്ല.
യുവതിക്ക് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഖഡ്കോപാരിലെ തുറന്നിട്ടിരിക്കുന്ന മാൻഹോളിനടുത്ത് അവരുടെ ബാഗ് വീണുകിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് മാഹിം, ബാന്ദ്ര-കുർല തുടങ്ങിയ ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. 33 മണിക്കൂറിനൊടുവിലാണ് മൃതദേഹം ഹാജി അലി കടൽ ഭാഗത്തു നിന്ന് കണ്ടെടുത്തത്.
ഖഡ്കോപാരിലെ മാൻഹോളിൽ വീണ ശേഷം യുവതിയുടെ ശരീരം ഹാജി അലി വരെ യാതൊരുവിധ തടസവും ഇല്ലാതെ 22 കിലോമീറ്റർ ദൂരം ഒഴുകി പോയതായി പൊലീസിന് വിശ്വസിക്കാനായിട്ടില്ല. ഇത്ര ദൂരം മനുഷ്യ ശരീരം ഒഴുകി പോകാൻ സാധിക്കുന്ന രീതിയിലല്ല മലിനജല കുഴൽ നിർമിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
മൂന്ന് സ്ഥലങ്ങളിൽ ഇടുങ്ങിയ ഭാഗങ്ങളുണ്ടെന്നും അവിടെ മൃതദേഹം തടഞ്ഞുനിൽക്കേണ്ടതാണെന്നും ഹാജി അലി കടൽ ഭാഗം വരെ മൃതദേഹാ എത്താൻ സാധ്യതയില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.