ഓട്ടം മതിയാക്കി മുംബൈയുടെ ഡബ്ൾ ഡക്കർ ബസുകൾ
text_fieldsമുംബൈ: എട്ടു പതിറ്റാണ്ടിലേറെ നഗരക്കാഴ്ചകളിലേക്ക് നഗരവാസികളെയും സഞ്ചാരികളെയും വഹിച്ചു പാഞ്ഞ ഡബ്ൾ ഡക്കർ ബസുകൾ നിരത്തിൽനിന്ന് പിന്മാറി. ഡീസലിൽ ഓടിയിരുന്ന അഞ്ച് ഇരുനില ബസുകളാണ് വെള്ളിയാഴ്ചയോടെ നിരത്തുവിട്ടത്. 1937 ൽ തുടങ്ങിയ ഡീസൽ വാഹനത്തിൽനിന്ന് 900 എ.സി വൈദ്യുതി ഡബ്ൾ ഡക്കർ ബസുകളിലേക്കുള്ള തലമുറ മാറ്റത്തിന്റെ ഭാഗമായാണിത്.
‘സിംഹഗർജനം’ പോലെയുള്ള മുരൾച്ചയും സ്റ്റോപ്പുകളിലെ മണിയടി താളവും ആകാശക്കാറ്റും ആസ്വദിച്ചുള്ള കാഴ്ചകാണലിന് ഇനി ചുവപ്പ് നിറത്തിലെ ഇരുനില ബസുകളുണ്ടാകില്ല. ബോളിവുഡ് സിനിമകളിലൂടെ മുംബൈയുടെ മായാചിഹ്നമായി ഡബ്ൾ ഡക്കർ ബസിന്റെ ഖ്യാതി നാടെങ്ങും പരന്നതാണ്. വൈകാരികതയോടെയാണ് നഗരവാസികൾ ബസുകളിൽ വെള്ളിയാഴ്ച അവസാനയാത്ര നടത്തിയത്.
മുംബൈ നഗരസഭയുടെ ഗതാഗത, വൈദ്യുതി വിതരണ വിഭാഗമായ ‘ബെസ്റ്റി’ന്റെ കീഴിലാണ് നഗര ബസുകൾ. നഗരത്തിന്റെ ഹൃദയഭാഗമായ ദക്ഷിണ മുംബൈയിൽ മുമ്പ് ഡബ്ൾ ഡക്കർ ബസുകളായിരുന്നു ഓടിയിരുന്നത്. ഡീസലിൽ ഓടുന്ന 242 ഡബ്ൾ ഡക്കർ ബസുകളായിരുന്നു മുംബൈ നിരത്തിലോടിയത്. അത് കുറഞ്ഞ് ഒടുവിൽ അഞ്ചിൽ എത്തിനിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.