നരിമാൻ പോയിന്‍റിലെ എയർ ഇന്ത്യ കെട്ടിടം 1600 കോടിക്ക് സ്വന്തമാക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: മുംബൈ നരിമാൻ പോയിന്റിലുള്ള പ്രസിദ്ധമായ എയർ ഇന്ത്യ കെട്ടിടം 1600 കോടി രൂപക്ക് സ്വന്തമാക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിങ് ലിമിറ്റഡിൽനിന്ന് കെട്ടിടം വാങ്ങാൻ ഏകദേശ ധാരണയിലെത്തിയതായി ഒരു കാബിനറ്റ് മന്ത്രി പറഞ്ഞു.
എന്നാൽ, നിലവിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഓഫിസുകൾ പൂർണമായി ഒഴിഞ്ഞ് നൂറു ശതമാനം ഉടമസ്ഥതയും കൈമാറിയാൽ മാത്രമേ കെട്ടിടം ഏറ്റെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി. കെട്ടിടം വാങ്ങുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി കഴിഞ്ഞ വർഷം കൂടിക്കാഴ്ച നടത്തിയിരുന്നു. കെട്ടിടം വിൽക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ മഹാരാഷ്ട്ര സർക്കാറിന് മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
പല സർക്കാർ സ്ഥാപനങ്ങളും നിലവിൽ സ്വകാര്യ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടം ലഭ്യമായാൽ അവ ഈ കെട്ടിടത്തിലേക്ക് മാറ്റാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കമുള്ള സംവിധാനങ്ങൾ ഈ കെട്ടിടത്തിലേക്ക് മാറ്റുന്നതും ആലോചനയിലുണ്ട്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് നരിമാൻ പോയിന്റ് കടലിന് എതിർവശത്തായി തലയുയർത്തി നിൽക്കുന്ന എയർ ഇന്ത്യ കെട്ടിടം.
കനത്ത കടബാധ്യതയെ തുടർന്നാണ് 220,000 സ്‌ക്വയർ ഫീറ്റിൽ നിർമിച്ച കെട്ടിടം വിൽക്കാനായി തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.