മുംബൈയിലെ 'കറാച്ചി ബേക്കറി'ക്ക് പൂട്ടുവീഴുന്നു; ഭീഷണിക്ക് മുമ്പിൽ കീഴടങ്ങില്ലെന്ന് ഉടമകൾ
text_fieldsമുംബൈ: പാകിസ്താൻ പേര് മാറ്റണമെന്ന നവനിർമാൺ സേന അടക്കമുള്ള പ്രാദേശികവാദ സംഘടനകളുടെ ഭീഷണി നിലനിൽക്കുന്ന മുംബൈയിലെ പ്രശസ്ത വ്യാപാര സ്ഥാപനമായ 'കറാച്ചി ബേക്കറി' പ്രവർത്തനം അവസാനിപ്പിക്കുന്നു. പാകിസ്താൻ പേരാണെന്ന എം.എൻ.എസിന്‍റെ ആരോപണത്തെ തുടർന്ന് വ്യാപാരത്തിലുണ്ടായ ഇടിവാണ് അടച്ചുപൂട്ടലിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ട്.
അതേസമയം, ബേക്കറി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ ഉടമയുമായുള്ള കരാറിന്‍റെ കാലാവധി അവസാനിക്കുന്നതാണ് സ്ഥാപനത്തിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാൻ കാരണമെന്ന് ബേക്കറി ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. കെട്ടിട ഉടമ ആവശ്യപ്പെട്ട കൂടുതൽ വാടക തങ്ങൾക്ക് നൽകാൻ സാധിക്കില്ല. കൂടാതെ വ്യാപാര തകർച്ചയും അടച്ചുപൂട്ടലിന് ഒരു കാരണമാണെന്നും മാനേജർ രാമേശ്വർ വാഗ്മറെ ദ് ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
എന്നാൽ, കറാച്ചി ബേക്കറി അടച്ചുപൂട്ടുന്നത് തങ്ങളുടെ നേട്ടമാണെന്ന തരത്തിൽ എം.എൻ.എസ് ഉപാധ്യക്ഷൻ ഹാജി സെയ്ഫ് ശൈഖ് ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. കറാച്ചി ബേക്കറി അതിന്‍റെ പേരിനെതിരായ വൻ പ്രതിഷേധത്തിൽ അടച്ചുപൂട്ടിയെന്നായിരുന്നു ട്വീറ്റ്.
എം.എൻ.എസ് നേതാവിന്‍റെ ട്വീറ്റിനെ കുറിച്ചും രാമേശ്വർ വാഗ്മറെ പ്രതികരിച്ചു. ഞങ്ങളുടെ പേര് മാറ്റിക്കൊണ്ട് കീഴടങ്ങാൻ ഒരു കാരണവുമില്ല. സാധുവായ എല്ലാ ലൈസൻസുകളും അംഗീകാരങ്ങളും ഉള്ള നിയമാനുസൃത സ്ഥാപനമായിരുന്നു ബേക്കറി. വ്യാപാര ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഞങ്ങളുടെ തീരുമാനം. മറ്റുള്ളവർ ആഗ്രഹിക്കുന്നുവെങ്കിൽ അതിന്‍റെ ക്രെഡിറ്റ് അവർ എടുക്കട്ടെ -രാമേശ്വർ വ്യക്തമാക്കി.
'കറാച്ചി ബേക്കറി'യുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീഷണിയുമായി ശിവസേന നേതാവ് നിഥിൻ നന്ദഗാവ്കറും രംഗത്തെത്തിയിരുന്നു. പാകിസ്താൻ നഗരത്തിന്‍റെ പേരായ കറാച്ചിക്ക് പകരം മറാത്തി പേരാക്കണമെന്നാണ് നന്ദഗാവ്കർ ആവശ്യപ്പെട്ടത്.
കൂടാതെ, ബാന്ദ്ര വെസ്റ്റിലെ കടയിലെത്തി ശിവസേന നേതാവ് ഉടമയെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചിരുന്നു. വിവാദത്തെ തുടർന്ന് കടയുടെ പേര് പേപ്പർ കൊണ്ട് ഉടമകൾ മറച്ചിരുന്നു.
ഇതിന് പിന്നാലെ കറാച്ചി ബേക്കറിയുടെ പേര് മാറ്റണമെന്നത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ബേക്കറിക്ക് പാകിസ്താനുമായി ബന്ധമില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത് പ്രതികരിക്കുകയും ചെയ്തിരുന്നു.
ബേക്കറിയുടെ പേര് മാറ്റാൻ ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നത് ശിവസേന നേതാക്കളുടെ വിഡ്ഢിത്തമാണെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം ചൂണ്ടിക്കാട്ടിയിരുന്നു.
1947ൽ ഇന്ത്യാ വിഭജന കാലത്ത് കറാച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് കുടിയേറിയ സിന്ധി ഹിന്ദു കുടുംബാംഗമായ ശ്രീ ഖാൻചന്ദ് രാംനാനിയാണ് പ്രശസ്തമായ കറാച്ചി ബേക്കറിക്ക് തുടക്കം കുറിച്ചത്. മൊസാം ജാഹി മാർക്കറ്റിലാണ് ആദ്യത്തെ ബേക്കറി പ്രവർത്തനം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.