മുംബൈയിലെ അടുത്ത മേയർ ബി.ജെ.പിയുടേതായിരിക്കുമെന്ന് ആശിഷ് ഷെലർ
text_fieldsമുംബൈ: മുംബൈയിലെ അടുത്ത മേയർ ബി.ജെ.പിയുടേതായിരിക്കുമെന്ന് ബി.ജെ.പി നേതാവ് ആശിഷ് ഷെലർ. പാർട്ടിയുടെ ലക്ഷ്യം നിറവേറ്റാൻ എം.പിമാരും എം.എൽ.എമാരും പാർട്ടി ഭാരവാഹികളും കൂട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ബി.ജെ.പി യൂനിറ്റിന്‍റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആശിഷ് ഷെലർ.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത്ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ തുടങ്ങിയവരോട് നന്ദി പറഞ്ഞ അദ്ദേഹം പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസം തകർക്കില്ലെന്നും പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മുംബൈയിലെ അഴിമതിക്കെതിരെ ഞങ്ങൾ പോരാടുകയാണ്. കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്ന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ ഞങ്ങൾ പരിശ്രമിക്കുമെന്നും ആശിഷ് ഷെലർ പറഞ്ഞു.
കോൺട്രാക്ടർമാരെ പ്രീതിപ്പെടുത്തിയവരെയും കോൺട്രാക്ടർമാരിൽ നിന്നും ആനുകൂല്യം കൈപറ്റിയവരെയും കോർപ്പറേഷനിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയിലെ ജനങ്ങളുടെ ഈ ആഗ്രഹം ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പി നേതൃനിരയിൽ വൻ മാറ്റം വരുത്തിയത്. ഇത് മൂന്നാം തവണയാണ് മുംബൈ ബി.ജെ.പി അധ്യക്ഷനായി ആശിഷ് ഷെലർ തെരഞ്ഞെടുക്കപ്പെടുന്നത്. ചന്ദ്രശേഖർ ബവൻകുലെയാണ് ബി.ജെ.പി പുതിയ സംസ്ഥാന അധ്യക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.