മുനമ്പം വിഷയത്തിൽ സർക്കാർ ഇടപെടും -എം.വി. ഗോവിന്ദൻ
text_fieldsന്യൂഡൽഹി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സർക്കാർ ഇടപെടാൻ തീരുമാനിച്ചിട്ടുണ്ടെന്നും പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു വിഷയത്തിൽ സർക്കാർ ഇടപെടുമെന്ന് പാർട്ടി സെക്രട്ടറി വ്യക്തമാക്കിയത്.
സർക്കാർ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും ഇടപെടുകതന്നെ ചെയ്യുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എം.വി. ഗോവിന്ദൻ മറുപടി പറഞ്ഞു. കൊടകര കുഴൽപ്പണ കേസിൽ സംസ്ഥാന സർക്കാർ തുടരന്വേഷണത്തിന് തീരുമാനം എടുത്തിരിക്കുകയാണ്. കേസിൽ ഇ.ഡിയാണ് ഇടപെടേണ്ടത്. കള്ളപ്പണം ഇടപാടിൽ കേരള പൊലീസിന് അന്വേഷണം നടത്താൻ പരിമിതിയുണ്ട്.
ബോധപൂർവമായി ഇടതുപക്ഷ സർക്കാറിനെ കുറ്റം പറയാനാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യു.ഡി.എഫും ശ്രമിക്കുന്നത്. കേസിൽ ഇ.ഡി ഇടപെടണമെന്ന് വി.ഡി. സതീശനോ യു.ഡി.എഫോ ആവശ്യപ്പെടുന്നില്ല. ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുമായി സി.പി.എം ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.
സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള വ്യക്തികൾ ബി.ജെ.പിയുമായി തെറ്റിനിൽക്കുന്നു എന്നത് സത്യമാണ്. പാർട്ടിയിലേക്ക് വന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.