ബി.ജെ.പി പരാതി നൽകി; മുനവർ ഫാറൂഖിയെ ഗുഡ്ഗാവ് കോമഡി ഫെസ്റ്റിൽ നിന്നും ഒഴിവാക്കി
text_fieldsന്യൂഡൽഹി: ഗുഡ്ഗാവ് കോമഡി ഫെസ്റ്റിൽ നിന്ന് സ്റ്റാൻഡ്-അപ് കൊമേഡിയൻ മുനവർ ഫാറൂഖിയെ ഒഴിവാക്കിയതായി സംഘാടകർ അറിയിച്ചു. പൊതുസുരക്ഷ പരിഗണിച്ചാണ് നടപടിയെന്ന് സംഘാടകർ പറയുന്നു. ഫാറൂഖിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഫോൺ കോളുകളും സന്ദേശങ്ങളും ലഭിച്ചതായും സംഘാടകർ വ്യക്തമാക്കി. ഫാറൂഖി പങ്കെടുക്കുന്നതിനെതിരെ ബി.ജെ.പി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ഡിസംബർ 17 മുതൽ 19 വരെയാണ് കോമഡി ഫെസ്റ്റ് നടക്കുന്നത്. ആരുടെയും വികാരത്തെ മുറിപ്പെടുത്താനോ പൊതുജനങ്ങളെ അപകടത്തിലാക്കാനോ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പരിപാടിയുടെ സംഘാടകരായ എന്‍റർടെയിൻമെന്‍റ് ഫാക്ടറി സഹസ്ഥാപകൻ മുബിൻ ടിസേക്കർ പറഞ്ഞു. അതിനാലാണ് ഫാറൂഖിയെ പാനലിൽ നിന്ന് നീക്കിയത്.
പരിപാടിയുടെ പോസ്റ്റർ പതിച്ചത് മുതൽ പ്രതിഷേധമുണ്ടായിരുന്നു. തുടർച്ചയായി കോളുകൾ വന്നു. ആരൊക്കെയാണ് വിളിക്കുന്നതെന്നും മെസേജ് അയക്കുന്നതെന്നും ഇപ്പോൾ പറയുന്നില്ല. ആരെയും അപകടത്തിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നത് കൊണ്ടാണ് മുനവർ ഫാറൂഖിയെ ഒഴിവാക്കിയത് -അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയുടെ ഹരിയാനയിലെ ഐ.ടി വിഭാഗം മേധാവി അരുൺ യാദവ് തിങ്കളാഴ്ച മുനവർ ഫാറൂഖിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഹിന്ദു ദൈവങ്ങളെ ഫാറൂഖി മോശമായി ചിത്രീകരിച്ചെന്നും പരിപാടിയിൽ പങ്കെടുക്കുന്നത് വിലക്കണമെന്നുമായിരുന്നു ആവശ്യം.
മുനവർ ഫാറൂഖിയുടെ ഷോ എവിടെയും നടത്തില്ലെന്ന് ഞങ്ങൾ വ്യക്തമാക്കിയതാണ്. ഇക്കാര്യം ഞാൻ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. പൊലീസിൽ പരാതിയും നൽകി -യാദവ് പറഞ്ഞു.
സംഘ്പരിവാർ നേതൃത്വത്തിൽ പ്രതിഷേധം വ്യാപകമായതോടെ മുനവർ ഫാറൂഖിക്ക് രണ്ടുമാസത്തിനിടെ 12ലേറെ ഷോകൾ റദ്ദാക്കേണ്ടി വന്നിരുന്നു. വിേദ്വഷം ജയിക്കുകയാണെന്നും കലാകാരൻ തോൽക്കുകയാണെന്നുമാണ് ഫാറൂഖി പ്രതികരിച്ചത്.
ഹാസ്യ പരിപാടിക്കിടെ ഹിന്ദുദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അപകീർത്തിപ്പെടുത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചാണ് ഹിന്ദുത്വവാദികൾ ഫാറൂഖിക്കെതിരെ പ്രതിഷേധം തുടരുന്നത്. ഇതു ചൂണ്ടിക്കാട്ടി ജനുവരി ഒന്നിന് ഇൻഡോർ പൊലീസ് മുനവർ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മധ്യപ്രദേശ് ഹൈകോടതി ജാമ്യം നിഷേധിച്ചതോടെ സുപ്രീംേകാടതിയാണ് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.