ഹിന്ദുത്വ ഭീഷണിക്കിടെ ഹൈദരാബാദിൽ പരിപാടി അവതരിപ്പിച്ച് മുനവർ ഫാറൂഖി; 50 പേർ കസ്റ്റഡിയിൽ
text_fieldsഹൈദരാബാദ്: ഹിന്ദുത്വവാദികളുടെ കടുത്ത പ്രതിഷേധത്തിനിടയിലും ഹൈദരാബാദിൽ പരിപാടി അവതരിപ്പിച്ച് പ്രമുഖ സ്റ്റാൻഡപ് കൊമേഡിയനായ മുനവർ ഫാറൂഖി. കനത്ത പൊലീസ് സുരക്ഷയിലാണ് ശനിയാഴ്ച വൈകീട്ട് ഒന്നര മണിക്കൂർ ഫാറൂഖി പരിപാടി അവതരിപ്പിച്ചത്.
നേരത്തെ, നഗരത്തിൽ ഫാറൂഖിയുടെ പരിപാടി അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പി എം.എൽ.എ ടി. രാജ സിങും നിരവധി ഹിന്ദുത്വ സംഘടനകളും രംഗത്തുവന്നിരുന്നു. വൈകീട്ട് 50ഓളം തീവ്രഹിന്ദുത്വ പ്രവർത്തകർ പ്രതിഷേധവുമായി വേദിയിലേക്ക് എത്തിയെങ്കിലും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
വെള്ളിയാഴ്ച ബംഗളൂരുവിലെ ഫാറൂഖിയുടെ പരിപാടി അവസാന നിമിഷം റദ്ദാക്കിയിരുന്നു. വേദിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ഘോഷ്മഹൽ മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി എം.എൽ.എയെ വെള്ളിയാഴ്ച പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തിരുന്നു. ഹിന്ദു വികാരങ്ങളെ ഫാറൂഖി ഇകഴ്ത്തിയെന്നും രാമനെയും സീതയെയും പറ്റി മോശം പരാമർശം നടത്തിയെന്നുമാണ് ഹിന്ദുത്വവാദികളുടെ ആരോപണം.
നേരത്തെ, മുംബൈയിലും ബംഗളൂരുവിലും ഫാറൂഖിയുടെ പരിപാടി ഹിന്ദുത്വ ഭീഷണിയെ തുടർന്ന് റദ്ദാക്കിയിരുന്നു. തുടർന്നാണ് ടി.ആർ.എസ് വർക്കിങ് പ്രസിഡന്‍റും സംസ്ഥാന മന്ത്രിയുമായ കെ.ടി. രാമറാവു അദ്ദേഹത്തെ പരിപാടി അവതരിപ്പിക്കാനായി ഹൈദരാബാദിലേക്ക് ക്ഷണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.