ബീഡിൽ മറാത്ത ചൂടിൽ പുകയുകയാണ് മുണ്ടേയുടെ മകൾ പങ്കജ
text_fieldsബീഡ് (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ ബീഡിൽ മുമ്പെങ്ങുമില്ലാത്തവിധം തെരഞ്ഞെടുപ്പ് ചൂട് അനുഭവിക്കുന്നുണ്ട്, ബി.ജെ.പിയിലെ സമുന്നത നേതാവായിരുന്ന ഗോപിനാഥ് മുണ്ടേയുടെ മകൾ പങ്കജ മുണ്ടേ. സിറ്റിങ് എം.പിയായ അനുജത്തി പ്രീതം മുണ്ടേയെ മാറ്റിയാണ് പങ്കജക്ക് പാർട്ടി സീറ്റ് നൽകിയത്. സംസ്ഥാന സർക്കാറിൽ വലിയ റോളിനായി പ്രതീക്ഷിക്കുന്ന പങ്കജക്ക് ദേശീയരാഷ്ട്രീയത്തിൽ ഒട്ടും താൽപര്യമുണ്ടായിരുന്നില്ല.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റതിൽ പിന്നെ ഒന്നുമല്ലാത്ത അവസ്ഥയിലാണ് പങ്കജ. പിന്നീട് നടന്ന നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ ആവശ്യപ്പെട്ടിട്ടും അവസരം നൽകിയില്ലെന്ന് മാത്രമല്ല 2021 ലെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ പ്രീതം മുണ്ടേയെ പരിഗണിക്കുന്നതിനു പകരം ബീഡിൽനിന്നുള്ള ഭഗവത് കരാഡിനെയാണ് കേന്ദ്ര നേതൃത്വം പരിഗണിച്ചത്.
മുണ്ടേയുടെ മക്കളെ പരിഗണിക്കാതെ അനുയായിയെ മന്ത്രിയാക്കിയത് ദുസ്സൂചനയായിട്ടാണ് പങ്കജ കണ്ടത്. നിരാശ മറച്ചുവെക്കാതെ പങ്കജ തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. ദേശീയ സെക്രട്ടറി പദവി നൽകിയെങ്കിലും പങ്കജ അസ്വസ്ഥയായിരുന്നു. ഒടുവിൽ ബീഡിൽ സ്ഥാനാർഥിയാക്കി. അത് സ്വീകരിക്കുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല.
എന്നാൽ, മറാത്ത- ഒ.ബി.സി വിഭാഗങ്ങൾ തമ്മിൽ കടുത്ത പോര് നടക്കുന്ന രാഷ്ട്രീയ കാലാവസ്ഥയിലാണ് സ്ഥാനാർഥിത്വം. ഒ.ബി.സിയിൽപെട്ട വഞ്ചാരി സമുദായക്കാരിയാണ് പങ്കജ. മറാത്ത സമുദായക്കാരനായ ബജ്റംഗ് സോനാവാനെയാണ് (ശരദ് പവാർ പക്ഷ എൻ. സി.പി) എതിരാളി. മണ്ഡലത്തിലെ ജനസംഖ്യയിൽ 3.5 ലക്ഷത്തോളമാണ് വഞ്ചാരികൾ.
ആറ് ലക്ഷം കവിയും മാറാത്തകൾ. മൂന്നുലക്ഷം മുസ്ലിംകളുമുണ്ട്. ഇതുവരെ മുണ്ടേ കുടുംബത്തോട് കൂറുപുലർത്തിയിരുന്ന മുസ്ലിംകളും മറാത്തകളും ഇത്തവണ തന്നെ കൈയൊഴിയുമെന്ന് പങ്കജ ഭയക്കുന്നു.
മറാത്തകളുടെ പ്രദേശങ്ങളിൽ പ്രചാരണത്തിന് എത്തിയപ്പോഴൊക്കെ പങ്കജക്ക് കരിങ്കൊടിയും പ്രതിഷേധവും നേരിടേണ്ടിവന്നു. അത്തരം പ്രദേശങ്ങളിൽ പങ്കജക്കുവേണ്ടി പ്രചാരണത്തിന് ബി.ജെ.പിയിലെയോ അജിത് പവാർ അടക്കം അദ്ദേഹത്തിന്റെ എൻ.സി.പിയിലെയോ മറാത്താ നേതാക്കൾ കൂട്ടാക്കിയുമില്ല.
മറാത്ത ഗ്രാമങ്ങളിൽ രാഷ്ട്രീയ നേതാക്കളോട് ‘ഗെറ്റ് ഔട്ട്’ പറയുന്ന പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. മറാത്താ സംവരണത്തെ അനുകൂലിക്കാത്തവർക്ക് എതിരെ കൂട്ടമായി വോട്ട് ചെയ്യണമെന്നാണ് സംവരണ സമര നായകൻ മനോജ് ജാരെൻഗെ പാട്ടീലിന്റെ ആഹ്വാനം. ബി.ജെ.പിക്ക് എതിരെ വോട്ട് ചെയ്യണമെന്നാണ് ഇതിന്റെ അർഥം.
മുണ്ടേയുടെ മണ്ഡലത്തിൽ ഇന്നോളമില്ലാത്ത വിധം സാമുദായിക വിഭജനം ശക്തമാണെന്ന് പ്രദേശവാസികൾ പറയുന്നു. അത് പങ്കജയും അടിവരയിടുന്നു. മത, സമുദായ, ജാതി ചിന്തകൾ ഇന്നോളം ഉണ്ടായിട്ടില്ലെന്നും പുരോഗമന സംസ്ഥാനമെന്ന് അവകാശപ്പെടുന്ന മഹാരാഷ്ട്രയിൽ അത് തെരഞ്ഞെടുപ്പ് വിഷയമാകുന്നതിൽ നിരാശയുണ്ടെന്നും പങ്കജ പറഞ്ഞു.
മണ്ഡലത്തിൽ മറാത്താ വികാരം ആളിക്കത്തിക്കുന്നതിനു പിന്നിൽ എതിരാളി ബജ്റംഗ് സോനാവാനെയാണെന്നാണ് പങ്കജയുടെ ആരോപണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബീഡ് ലോക്സഭ മണ്ഡലത്തിന് കീഴിലെ ആറ് നിയമസഭ മണ്ഡലങ്ങൾ നാലും എൻ.സി.പിയാണ് ജയിച്ചത്. ഇവയിൽ മൂന്നു എം.എൽ.എമാർ നിലവിൽ അജിത് പവാർ പക്ഷത്താണ്. അന്ന് രണ്ട് സീറ്റുകളാണ് ബി.ജെ.പിക്ക് നേടാനായത്.
മുണ്ടേയുടെ മക്കളോട് നീതികേട് കാട്ടുന്നു എന്ന സഹതാപമുണ്ടാക്കാൻ അണികൾ ശ്രമം നടത്തുന്നുണ്ട്. കേന്ദ്രമന്ത്രിയാകുക എന്നത് ‘സാഹെബി’ ന്റെ (ഗോപിനാഥ് മുണ്ടേ) ആഗ്രഹമായിരുന്നുവെന്നും മന്ത്രിയായെങ്കിലും ഉടൻ (2014 ലെ) വാഹനാപകടത്തിൽ അദ്ദേഹം മരിക്കുകയായിരുന്നെന്നും ആ സ്വപ്നം പങ്കജയിലൂടെ സാക്ഷാത്കരിക്കണമെന്നും പ്രചരിപ്പിക്കപ്പെടുന്നു.
അതേസമയം, മണ്ഡലത്തിലെ രാഷ്ട്രീയ പ്രതിനിധികൾ മുതൽ സർക്കാർ ഉദ്യോഗസ്ഥർവരെ ഒ.ബി.സിയിലെ വഞ്ചാരി സമുദായക്കാരാണെന്നും മറാത്തകളുടെ അവസരങ്ങൾ തട്ടിയെടുക്കപ്പെടുകയാണെന്നും മറുപക്ഷവും പ്രചരിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.