മസ്ജിദിലെ അനധികൃത നിർമിതി പൊളിക്കാൻ നഗരസഭ; ധാരാവിയിൽ സംഘർഷാവസ്ഥ
text_fieldsമുംബൈ: മസ്ജിദിനോട് ചേർന്നുള്ള അനധികൃത നിർമാണം പൊളിച്ചുനീക്കാനുള്ള മുംബൈ നഗരസഭയുടെ ശ്രമം ധാരാവിയിൽ സംഘർഷാവസ്ഥയുണ്ടാക്കി. ‘90 ഫീറ്റ് റോഡി’ലെ മെഹബൂബേ സുബ്ഹാനി മസ്ജിദിനോട് ചേർന്ന ഭാഗമാണ് ശനിയാഴ്ച പൊളിക്കാൻ ശ്രമിച്ചത്.
പ്രകോപിതരായ പ്രദേശവാസികൾ റോഡ് ഉപരോധിക്കുകയും നഗരസഭ ജീവനക്കാർക്ക് നേരെ കല്ലെറിയുകയും ചെയ്തു. പൊലീസും നഗരസഭ അധികൃതരുമായുള്ള ചർച്ചയിൽ അനധികൃത നിർമാണം സ്വയം പൊളിച്ചുനീക്കാമെന്ന് മസ്ജിദ് ട്രസ്റ്റ് അംഗങ്ങൾ ഉറപ്പുനൽകി. ഇതിനെ തുടർന്ന്, അടുത്ത 26 വരെ സമയം അനുവദിച്ച നഗരസഭ പൊളിച്ചുനീക്കൽ നടപടിയിൽ നിന്ന് പിൻവാങ്ങി.
രണ്ടു മണിക്കൂറിനു ശേഷമാണ് പ്രദേശത്ത് സ്ഥിതി ശാന്തമാക്കാൻ പൊലീസിനു കഴിഞ്ഞത്. മുൻകരുതലായി സ്ഥലത്ത് പൊലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. അനധികൃത നിർമാണം പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയിട്ടും പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്ന് നഗരസഭ അറിയിച്ചു.
അതേസമയം, സംഭവത്തിൽ മഹാരാഷ്ട്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ പക്ഷ ശിവസേന, പവാർ പക്ഷ എൻ.സി.പി, കോൺഗ്രസ് സഖ്യം രംഗത്തെത്തി.
ബി.ജെ.പി അധികാരത്തിലിരിക്കുമ്പോൾ ഇത്തരം നടപടികൾ സാധാരണമായി മാറിയെന്നും സമൂഹത്തിൽ വിള്ളലുണ്ടാക്കും വിധം അവരുടെ നേതാക്കൾ ഭരണഘടനക്കും സമൂഹങ്ങൾക്കും എതിരെ പ്രസ്താവനകൾ നടത്തുന്നുവെന്നും പവാർപക്ഷ എൻ.സി.പി നേതാവ് സുപ്രിയ സുലെ വിമർശിച്ചു.
ധാരാവി അദാനിക്ക് തീറെഴുതി നൽകിയെന്നും അവർക്കുവേണ്ടി സമുദായങ്ങൾക്കിടയിൽ ഭിന്നപ്പുണ്ടാക്കി കലാപത്തിന് സർക്കാർ ശ്രമിക്കുകയാണെന്നും ഉദ്ധവ്പക്ഷ നേതാവ് ആദിത്യ താക്കറെയും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.