പരീക്ഷ എഴുതാൻ വേണമെങ്കിൽ 'മുന്നാഭായി' വരും; നീറ്റ് തട്ടിപ്പുകാർ ആൾമാറാട്ടവും വാഗ്ദാനം ചെയ്തെന്ന്
text_fieldsന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നിർണായകമായ വിവരങ്ങൾ. പരീക്ഷ ചോദ്യപേപ്പർ ചോർത്തിയവരെന്ന് കരുതുന്ന 'സോൾവർ ഗ്യാങ്ങ്' ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ 'മുന്നാഭായി'മാരെയും വാഗ്ദാനം ചെയ്തതായാണ് വിവരം. എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെഡിക്കൽ പ്രവേശന പരീക്ഷയിൽ തട്ടിപ്പു നടത്തി ഉയർന്ന സ്ഥാനം കരസ്ഥമാക്കുന്ന കഥയാണ് 'മുന്നാഭായി എം.ബി.ബി.എസ്' എന്ന ബോളിവുഡ് സിനിമയിലേത്. ഇതിന് സമാനമായി ആൾമാറാട്ടം നടത്തി വേറെ ആളെകൊണ്ട് പരീക്ഷ എഴുതിക്കാമെന്നാണത്രെ തട്ടിപ്പുസംഘത്തിന്‍റെ വാഗ്ദാനം. ഇങ്ങനെ പകരം പരീക്ഷ എഴുതുന്ന ആൾ ഉയർന്ന റാങ്ക് നേടിത്തരുമെന്നായിരുന്നു വാഗ്ദാനം.
നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ 'സോൾവർ ഗ്യാങ്ങി'ന് ലക്ഷങ്ങള്‍ കൊടുത്താണ് ചിലർ സ്വന്തമാക്കിയിട്ടുള്ളത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 30 ലക്ഷം വരെയെന്നൊക്കെ കണക്കുകളുണ്ട്. പരീക്ഷ ചോദ്യങ്ങൾ ചോർത്തിനൽകുന്ന 'സോള്‍വര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന സംഘമാണ് ഇതിന് പിന്നിൽ. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചാണ് ഇവരുടെ പ്രവര്‍ത്തന രീതി. പരീക്ഷക്ക് മുമ്പ് തന്നെ തനിക്ക് സാമ്യമുള്ള ചോദ്യപേപ്പർ ചോർന്നുകിട്ടിയെന്ന് ബിഹാറിൽ കസ്റ്റഡിയിലായ വിദ്യാർഥി വെളിപ്പെടുത്തിയിരുന്നു.
നീറ്റ് പരീക്ഷയുടെ തലേന്നാൾ മേയ് നാലിന് തന്നെ ചോദ്യപേപ്പർ ചോർന്നുവെന്ന രഹസ്യവിവരം ബിഹാർ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ നീറ്റ് പരീക്ഷക്കുള്ള നിരവധി അഡ്മിറ്റ് കാർഡുകളും പോസ്റ്റ് ഡേറ്റഡ് ചെക്കുകളും പട്നയിലെ ഒരു ഹോസ്റ്റലിൽനിന്ന് കണ്ടെടുത്തു. 13 പേർ അറസ്റ്റിലാകുകയും ചെയ്തു. 2016-ൽ നീറ്റ് ചോദ്യപേപ്പർ ചോർത്തിയ സഞ്ജീവ് മുഖ്യ എന്നയാളെയാണ് ഇപ്പോഴത്തെ ചോർത്തലിന് പിന്നിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് തെരയുന്നത്. നളന്ദ ഗവൺമെന്റ് കോളജിലെ ടെക്നിക്കൽ അസിസ്റ്റന്റാണ് സഞ്ജീവ് മുഖ്യ മത്സരപ്പരീക്ഷകളുടെയെല്ലാം ചോദ്യപേപ്പർ ചോർത്തിക്കൊടുക്കുന്ന ‘സോൾവർ ഗ്യാങ്ങി’ന്റെ മുഖ്യൻ.
ചോർത്തിയ ചോദ്യപേപ്പർ പഠിച്ച് പരീക്ഷ എഴുതി അറസ്റ്റിലായ ആയുഷ് കുമാറിന്റെ പിതാവ് അഖിലേഷ് കുമാറിനോട് നീറ്റ് പരീക്ഷ ജയിപ്പിക്കാൻ 40 ലക്ഷം രൂപയാണ് പ്രതികളിലൊരാളായ സിക്കന്ദർ പ്രസാദ് യദ്വേന്തു ചോദിച്ചത്. ദാനാപൂരിലെ ആയുഷ് കുമാറി(19)ന് പുറമെ റാഞ്ചിയിലെ അഭിഷേക് കുമാർ (21),സമസ്തിപൂരിലെ അനുരാഗ് യാദവ് (22), ഗയയിലെ ശിവ് നന്ദൻ കുമാർ എന്നീ വിദ്യാർഥികളും കുറുക്കുവഴിയിൽ ജയം കൊതിച്ച് ഒടുവിൽ ജയിലിലെത്തി. ചോദ്യപേപ്പർ ചോർന്നത് ബീഹാറിലെ ഒറ്റപ്പെട്ട സംഭവമായി കണ്ട്, പുനഃപരീക്ഷ നടത്തില്ലെന്ന് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ വാശി പിടിക്കുമ്പോൾ ചോർച്ച ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലേക്ക് പടർന്നിട്ടുണ്ടെന്നാണ് ബിഹാറിലെ അന്വേഷണ സംഘം പറയുന്നത്. 10 ലക്ഷം മുതൽ 66 ലക്ഷം രൂപ വരെ ചോർത്തിയ നീറ്റ് ചോദ്യപേപ്പറിന് കൊടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 വിദ്യാർഥികളെ കുറിച്ചുള്ള വിവരം കിട്ടിയിട്ടുണ്ടെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്.
24 ലക്ഷം വിദ്യാർഥികൾ എഴുതിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി മേയ് അഞ്ചിനാണ് നടന്നത്. ജൂൺ നാലിനാണ് നീറ്റ്-യു.ജി ഫലം പ്രസിദ്ധീകരിച്ചത്. നിരവധി വിദ്യാർഥികൾ 720ൽ 720 മാർക്കും നേടുകയും ചില പരിശീലന കേന്ദ്രങ്ങളിൽ പഠിച്ചവർക്ക് കൂട്ടമായി ഉയർന്ന റാങ്കുകൾ ലഭിച്ചതും സംശയമുയർത്തി. ഇതിന് പിന്നാലെയാണ്, പരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായ വിവരം പുറത്തുവന്നത്. 67 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചിരുന്നു. സംഭവത്തിൽ കേന്ദ്ര സർക്കാറിനും എൻ.ടി.എക്കുമെതിരെ രൂക്ഷമായ വിമർശനം ഉയർന്നതോടെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എൻ.ടി.എ മേധാവിയെ മാറ്റി പകരം ചുമതല നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.