ഗൗരിവധം: വിചാരണ ഇഴയുന്നു; പ്രത്യേക ഫാസ്റ്റ് ട്രാക് കോടതി വേണമെന്ന് ആവശ്യം
text_fieldsബംഗളൂരു: ഗൗരി ലങ്കേഷ് പത്രികെ എഡിറ്ററും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്ന കേസിൽ വിചാരണ ഇഴയുന്നു. 2017 ആഗസ്റ്റ് അഞ്ചിനായിരുന്നു അന്താരാഷ്ട്ര വേദികളിലടക്കം പ്രതിഷേധമുയർത്തിയ കൊലപാതകം അരങ്ങേറിയത്. ഹിന്ദുത്വ പ്രവർത്തകരായ 18 പേരെ പ്രതികളാക്കി 2018 നവംബറിൽ 9,000ത്തിലേറെ പേജുള്ള കുറ്റപത്രം സമർപ്പിച്ചു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ ദേശദ്രോഹികളെ ഉന്മൂലനം ചെയ്യുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. സനാതൻ സൻസ്ത, ഹിന്ദു ജനജാഗ്രതി സമിതി, ശിവ പ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ തുടങ്ങിയ തീവ്രവാദ സംഘടന പ്രവർത്തകരാണ് മുഴുവൻ പ്രതികളും.
കോവിഡ്കാലം വന്നതും പ്രതിഭാഗം നിരന്തരം പെറ്റീഷൻ സമർപ്പിച്ചതും വിചാരണ ആരംഭിക്കുന്നത് വൈകിച്ചു. സംഘടിത കുറ്റകൃത്യം തടയുന്നതിനുള്ള കർണാടക നിയമം (കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ട്- കെ.സി.ഒ.സി.എ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2022 മാർച്ചിൽ ബംഗളൂരുവിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചിട്ടും ഇതുവരെ 530 സാക്ഷികളിൽ 83 പേരെ മാത്രമാണ് വിസ്തരിച്ചത്. ഇതിനിടെ കേസ് പരിഗണിച്ച മൂന്ന് ജഡ്ജിമാർ മാറുകയും ചെയ്തു. ഇത് കേസിന്റെ വിചാരണയെ പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയ ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ് കേസിന്റെ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
‘‘കുറ്റപത്രം സമർപ്പിച്ച് അഞ്ചുവർഷമായിട്ടും വിചാരണ നീളുകയാണ്. വിചാരണ ഇങ്ങനെ പോകുന്നതിൽ ഞങ്ങൾ നിരാശരാണ്. വിചാരണ വേഗത്തിലാക്കാൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ’’ -കവിത പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് കുടുംബാംഗങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കണ്ടു. നിലവിൽ മാസത്തിൽ നാലോ അഞ്ചോ ദിവസംമാത്രമാണ് വിചാരണ നടക്കുന്നത്. ഇത് കണക്കിലെടുത്താൽ വിചാരണ പൂർത്തിയാവാൻ ചുരുങ്ങിയത് രണ്ടുവർഷം കൂടിയെടുക്കും.
കഴിഞ്ഞയാഴ്ച നടന്ന വിചാരണക്കിടെ പ്രോസിക്യൂഷൻ വിഭാഗം ഹാജരാക്കിയ സാക്ഷികളിലൊരാൾ മൊഴി മാറ്റിപ്പറഞ്ഞിരുന്നു. ഹിന്ദു ജനജാഗ്രതി സമിതി പ്രധാന റിക്രൂട്ടർമാരിലൊരാളായ സുജിത് കുമാറിനൊപ്പം 2016ൽ ആയുധ പരിശീലനത്തിന് താനും പുണെയിലേക്ക് പോയിരുന്നതായും തോക്ക് ഉപയോഗിക്കാൻ പരിശീലനം ലഭിച്ചതായും ഇയാൾ നേരത്തേ മൊഴി നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച ഇയാൾ മൊഴിമാറ്റി. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നിർബന്ധിച്ചിട്ടാണ് താൻ അത്തരത്തിൽ മൊഴി നൽകിയതെന്ന് ഇയാൾ കോടതിയെ അറിയിച്ചു. കേസിൽ ഇതുവരെ വിസ്തരിച്ച സാക്ഷികളിൽ മൊഴി മാറ്റിപ്പറയുന്ന ആദ്യ സംഭവമാണിതെന്ന് പബ്ലിക് പ്രോസിക്യൂട്ടറായ എസ്. ബാലൻ ചൂണ്ടിക്കാട്ടുന്നു.
ബംഗളൂരു ടൗൺഹാളിൽ നടന്ന ഗൗരി ലങ്കേഷ് അനുസ്മരണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, കർഷക നേതാവ് രാകേഷ് ടികായത്ത്, മേഘാലയയിലെ പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് ആഞ്ജല രംഗദ്, കെ.കെ. ഷൈലജ ടീച്ചർ, നടൻ പ്രകാശ് രാജ്, ഗൗരിയുടെ മാതാവ് ഇന്ദിര ലങ്കേഷ്, സഹോദരി കവിത ലങ്കേഷ് തുടങ്ങിയവർ ഗൗരി അനുസ്മരണപ്പതിപ്പ്
പ്രകാശനം ചെയ്യുന്ന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.