പൊലീസ് കസ്റ്റഡിയിലെ കൊലപാതകം യോഗിയുടെ വലിയ പരാജയത്തിന്റെ ഉത്തമ ഉദാഹരണം -അസദുദ്ദീൻ ഉവൈസി
text_fieldsസമാജ്‌വാദി പാർട്ടി മുൻ എം.പി ആതിഖ് അഹ്‌മദിന്റെയും സഹോദരൻ അഷ്റഫ് അഹ്‌മദിന്റെയും കൊലപാതകത്തിൽ ഉത്തർപ്രദേശ് സർക്കാറിനെതിരെ കടുത്ത വിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ക്രമസമാധാന പാലനത്തിൽ യോഗി ആദിത്യനാഥ് സർക്കാറിന്റെ വൻ പരാജയമാണ് ഇത് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘ആതിഖും സഹോദരനും കൈവിലങ്ങുകളിൽ നിൽക്കെയാണ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ‘ജയ് ശ്രീറാം’ വിളികളും ഇതിനിടെ ഉയർന്നു. ക്രമസമാധാനം സംരക്ഷിക്കുന്നതിൽ യോഗിയുടെ വലിയ പരാജയത്തിന്റെ ഉത്തമ ഉദാഹരണമാണ് കൊലപാതകം. ഏറ്റുമുട്ടൽ കൊലകൾ ആഘോഷിക്കുന്നവരും ഈ കൊലപാതകത്തിന് തുല്യ ഉത്തരവാദികളാണ്. കൊലപാതകികളെ ആഘോഷിക്കുന്ന ഒരു സമൂഹത്തിൽ, ഒരു ക്രിമിനൽ നീതിന്യായ വ്യവസ്ഥകൊണ്ട് എന്ത് പ്രയോജനമാണുള്ളത്?’, അദ്ദേഹം ട്വീറ്റിൽ ചോദിച്ചു. ജനാധിപത്യത്തിൽ ഇതൊക്കെ സംഭവ്യമാണോയെന്നായിരുന്നു രാഷ്ട്രീയ ലോക്ദൾ പ്രസിഡന്റ് ജയന്ത് ചൗധരിയുടെ പ്രതികരണം.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‍വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവും സർക്കാറിനെതിരെ രംഗത്തുവന്നിരുന്നു. ‘‘ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിലാണ്. കുറ്റവാളികളുടെ ആത്മവീര്യം ഉയർന്നതാണ്. പൊലീസുകാരുടെ സുരക്ഷാ വലയത്തിനിടയിൽ ചിലർ വെടിയേറ്റ് മരിക്കുമ്പോൾ പൊതുജനങ്ങൾക്ക് എന്ത് സുരക്ഷയാണുള്ളത്? ഇത് പൊതുജനങ്ങൾക്കിടയിൽ ഭീതിയുടെ അന്തരീക്ഷം ഉണ്ടാക്കിയിരിക്കുകയാണ്. ചിലർ ബോധപൂർവം ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് തോന്നുന്നു’’, അദ്ദേഹം ട്വീറ്റ് ചെയ്തു.
മെഡിക്കൽ പരിശോധനക്ക് സഹോദരനൊപ്പം എത്തിച്ച ആതിഖ് ശനിയാഴ്ച രാത്രി 10 മണിയോടെ മാധ്യമങ്ങളോട് സംസാരിക്കാൻ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്തെത്തിയ മൂന്നുപേർ വെടിയുതിർത്തത്. ആതിഖ് വെടിയേറ്റ് വീണതിനു തൊട്ടുപിന്നാലെ സഹോദരൻ അഷ്റഫിന് നേരെയും നിരവധി തവണ വെടിയുതിർത്തു. പ്രതികൾ 12 റൗണ്ടോളം വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്. മാധ്യമപ്രവർത്തകരെന്ന വ്യാജേനെയാണ് പൊലീസ് വലയത്തിലായിരുന്ന ആതിഖിനും സഹോദരനും സമീപം ഇവരെത്തിയതെന്നാണ് പറയുന്നത്. കൊലപാതകത്തിന് ശേഷം അക്രമികൾ ‘ജയ് ശ്രീറാം’ വിളിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്നുപേർ പിടിയിലായിട്ടുണ്ട്.
കൊലപാതകത്തിന് പിന്നാലെ യു.പിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആതിഖിന്റെയും സഹോദരന്റെയും കൊലപാതകമുണ്ടായ പ്രയാഗ്‌രാജിൽ കനത്ത ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. സംഘർഷ സാധ്യത ഒഴിവാക്കാൻ പ്രയാഗ്‌രാജിലെ ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചതായും റിപ്പോർട്ടുണ്ട്.
സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച മുഖ്യമന്ത്രി യോഗി ആദിത്യരാജ് സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വെടിവെപ്പുമായി ബന്ധപ്പെട്ട് മൂന്നംഗ കമീഷന്റെ ജുഡീഷ്യൽ അന്വേഷണത്തിനും മുഖ്യമന്ത്രി നിർദേശിച്ചു. ആതിഖിന്റെ സുരക്ഷ ചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.