കാലിക്കടത്ത് ആരോപിച്ച് കൊല: മൂന്നുപേർ കസ്റ്റഡിയിൽ
text_fieldsഗുരുഗ്രാം(ഹരിയാന): കാലിക്കടത്ത് ആരോപിച്ച് രണ്ട് മുസ്‍ലിം യുവാക്കളെ രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് തട്ടിക്കൊണ്ടുപോയി വാഹനത്തിലിട്ട് ചുട്ടുകൊന്ന കേസിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. ബജ്റംഗ്ദൾ പ്രവർത്തകരായ റിങ്കു സയ്നി, ലോകേഷ് സിഗ്ല, ശ്രീകാന്ത് എന്നിവരാണ് പിടിയിലായത്.
മൂവരും കാലിക്കടത്തു സംബന്ധിച്ച് പൊലീസിന് രഹസ്യ വിവരം നൽകുന്നവരാണെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഹരിയാനയിലെ നുഹ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നാല് എഫ്.ഐ.ആറുകൾ കാലിക്കടത്ത് സംബന്ധിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹരിയാനയിലെ ഭീവാനിയിൽ ഫെബ്രുവരി 16നാണ് യുവാക്കളായ നാസിറിന്റെയും ജുനൈദിന്റെയും മൃതദേഹങ്ങൾ വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. ഇതിന് മണിക്കൂറുകൾക്കുമുമ്പാണ് കാലിക്കടത്ത് സംബന്ധിച്ച അവസാനത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, കേസിൽ ഇതു വരെ ഒരു അറസ്റ്റ് മാത്രമാണ് നടന്നത്. അതേസമയം, തിങ്കളാഴ്ച എട്ടു പ്രതികളെക്കൂടി രാജസ്ഥാൻ പൊലീസ് എഫ്.ഐ.ആറിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
പ്രതിയുമായി പൊലീസ് സ്വന്തം കാലിൽ തിരിച്ചുപോകില്ലെന്ന് ഗോരക്ഷ ദൾ
ഗുരുഗ്രാം (ഹരിയാന): കാലിക്കടത്തിന്റെ പേരിൽ രാജസ്ഥാനികളായ രണ്ടു മുസ്‍ലിം യുവാക്കളെ തല്ലിക്കൊന്ന കേസിൽ പ്രതിയായ ബജ്റംഗ് ദൾ പ്രവർത്തകൻ മോനു മനേസറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ ഭീഷണിയുമായി ഹിന്ദു മഹാപഞ്ചായത്ത്.
പൊലീസ് നീക്കം ഗോരക്ഷ പ്രവർത്തകർക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും മഹാപഞ്ചായത്ത് നേതാവ് കുൽഭൂഷൺ ഭരദ്വാജ് ആവശ്യപ്പെട്ടു. സംഭവം നടക്കുമ്പോൾ മോനു സ്വകാര്യ ഹോട്ടലിൽ ആയിരുന്നുവെന്നും അതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പ്രചരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, മോനുവിനെ അറസ്റ്റ് ചെയ്യാനായി മനേസറിലേക്ക് പോകാനൊരുങ്ങുന്ന രാജസ്ഥാൻ പൊലീസുകാർ അവിടെനിന്ന് സ്വന്തം കാലിൽ തിരിച്ചുപോകില്ലെന്ന് പട്ടൗടിയിലെ ഗോരക്ഷ ദൾ അംഗം നീലം ഭീഷണിമുഴക്കി. മോനുവിനെ അറസ്റ്റ് ചെയ്താൻ ഹൈവേയിൽ ഗതാഗതം തടയുമെന്നും അറസ്റ്റ് വരിച്ച് ജയിൽനിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോനുവിന്റെ വീട്ടിൽ പരിശോധനക്കെത്തിയ രാജസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥരെ മഹാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡൽഹി-ഗുരുഗ്രാം ഹൈവേയിൽ തടസ്സങ്ങൾ സൃഷ്ടിച്ച് തടഞ്ഞെങ്കിലും ലോക്കൽ പൊലീസ് ഇടപെട്ട് തടസ്സങ്ങൾ നീക്കുകയായിരുന്നു.കഴിഞ്ഞ വ്യാഴാഴ്ചയാണ് കാലിക്കടത്ത് ആരോപിച്ച് നാസർ, ജുനൈദ് എന്നീ യുവാക്കളെ ഗുരുഗ്രാമിലെ ഗോരക്ഷക ഗുണ്ടകൾ വാഹനത്തിൽ ചുട്ടുകൊന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.