യുവതിയെ കൊന്ന് 29 കഷണങ്ങളാക്കിയ കേസിൽ രണ്ടു പ്രതികൾക്ക് ജീവപര്യന്തം
text_fieldsമംഗളൂരു: അഞ്ചു വർഷം മുമ്പ് മംഗളൂരു നഗരത്തെ നടുക്കിയ അത്താവറിലെ ശ്രീമതി ഷെട്ടി (42) വധക്കേസിൽ രണ്ടു പ്രതികൾക്ക് അഡീ. ജില്ല സെഷൻസ് കോടതി ജഡ്ജി എച്ച്.എസ്. മഞ്ചുനാഥ സ്വാമി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2019 മേയ് 11നാണ് സംഭവം. ജോനസ് സാംസൺ എന്ന ജോനസ് ജൊയ്ലിൻ സാംസൺ (40), വിക്ടോറിയ മത്തായിസ് (47) എന്നിവർക്കാണ് ശിക്ഷ. മൂന്നാം പ്രതി മറക്കഡ രാജുവിന് (34) ആറര മാസം വെറും തടവും വിധിച്ചു. അത്താവറിൾ ഇലക്ട്രോണിക്സ് കടയും ഒപ്പം ചിട്ടിയും നടത്തുകയായിരുന്നു കൊല്ലപ്പെട്ട ശ്രീമതി.
ചിട്ടിയിൽ അംഗമായിരുന്ന ജോനസിന്റെ തവണ അടവ് മുടങ്ങി. അത് ആവശ്യപ്പെട്ട് സംഭവ ദിവസം രാവിലെ 9.15ന് അയാളുടെ താമസസ്ഥലത്ത് ചെന്നതായിരുന്നു ശ്രീമതി. ജോനസ് മരക്കഷണം കൊണ്ട് യുവതിയുടെ തലക്കടിച്ച് വീഴ്ത്തി.
ബോധരഹിതയായതോടെ ഒപ്പം താമസിക്കുന്ന വിക്ടോറിയയുമായി ചേർന്ന് ശരീരം കൊത്തി നുറുക്കി. പൊളിത്തീൻ കവറുകളിലാക്കി ജോനസ് സ്കൂട്ടറിൽ സഞ്ചരിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു. കദ്രി പാർക്ക് പരിസരത്തുനിന്ന് ലഭിച്ച തല ഭാഗമാണ് അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പല ഭാഗങ്ങളിൽനിന്ന് കണ്ടെത്തിയ 29 മൃതദേഹ ഭാഗങ്ങൾ ചേർത്തുവെച്ച് ഫോറൻസിക് പരിശോധന നടന്നിരുന്നു. ശ്രീമതിയുടെ ദേഹത്തുനിന്ന് കവർന്ന ആഭരണങ്ങൾ സൂക്ഷിക്കുകയും പ്രതികൾക്ക് സംരക്ഷണം നൽകുകയും ചെയ്തു എന്നതിനാണ് രാജുവിനെ കേസിൽ പ്രതി ചേർത്തത്. മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. മഹേഷിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.