രാഷ്ട്രപതി സ്ഥാനാർഥിയായി നാമനിർദേശം ചെയ്യപ്പെട്ടതിൽ ആശ്ചര്യവും സന്തോഷവുണ്ടെന്ന് മുർമു
text_fieldsന്യൂഡൽഹി: മണ്ണിന്‍റെ മകളെന്ന നിലയിൽ പാർട്ടി ഭേദമില്ലാതെ ഒഡീഷയിലെ എല്ലാ എം.എൽ.എമാരുടെയും എം.പിമാരുടെയും പിന്തുണ തനിക്ക് ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്ന് എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമു. തന്നെ രാഷ്ട്രപതി സ്ഥാനാർഥിയായി നാമനിർദേശം ചെയ്ത വിവരം ടെലിവിഷനിലൂടെയാണ് അറിഞ്ഞത്. വാർത്ത കണ്ടപ്പോൾ ആശ്ചര്യപ്പെടുകയും ഒരുപാട് സന്തോഷിക്കുകയും ചെയ്തതായി മുർമു പറഞ്ഞു.
ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ നിന്നുള്ള ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള സ്ത്രീ എന്ന നിലയിൽ രാജ്യത്തെ ഒരു ഉന്നത പദവിയിലേക്ക് താൻ പരിഗണിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. ഒരു ആദിവാസി സ്ത്രീയെ ഉന്നത സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിലൂടെ "സബ് കാ സാത്ത്, സബ് കാ ബിശ്വാസ്" എന്ന മുദ്രാവാക്യം എൻ.ഡി.എ സർക്കാർ ഇപ്പോൾ യാഥാർഥ്യമാക്കിയിരിക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.
ഒഡീഷ നിയമസഭയിലെ എല്ലാ എം.എൽ.എമാരുടെയും എം.പിമാരുടെയും പിന്തുണ ലഭിക്കുമെന്ന് തനിക്ക് ശുഭപ്രതീക്ഷയുള്ളതായി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബി.ജെ.ഡി സർക്കാരിന്‍റെ പിന്തുണ ലഭിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുർമു മറുപടി നൽകി. മണ്ണിന്റെ മകളെന്ന നിലയിൽ തന്നെ പിന്തുണക്കാൻ എല്ലാ അംഗങ്ങളോടും അഭ്യർഥിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ ഗോത്രവർഗ നേതാവായി രാഷ്ട്രീയത്തിൽ സജീവമായ ദ്രൗപദി മുർമു ഒഡിഷയിൽ പട്ടിക വർഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റായിരിക്കെ 1997ൽ രായിരംഗ്പുർ കൗൺസിലറായതോടെയാണ് പാർട്ടിയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 2000ൽ ബി.ജെ.ഡി-ബി.ജെ.പി സഖ്യ സർക്കാരിൽ മന്ത്രിയായും പിന്നീട് 2015 മുതൽ 2021 വരെ ജാർഖണ്ഡ് ഗവർണറായും സേവനമനുഷ്ഠിച്ചു. സംസ്ഥാനത്തെ ആദ്യ വനിത ഗവർണറായിരുന്നു മുർമു. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ഗോത്ര വനിതയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.