മുർഷിദാബാദിൽ ബസ് കനാലിൽ വീണ് 36 മരണം
text_fieldsബഹാറംപുർ: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബസ് കനാലിൽ പതിച്ച് 36 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാലത്തിെൻറ കൈവരി തകർത്താണ് ബസ് ഖോഗ്ര കനാലിലേക്ക് മറിഞ്ഞത്. പൊലീസ് എത്താൻ വൈകിയെന്ന് പറഞ്ഞ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസിനും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തുകയും അഗ്നിശമന ഉപകരണങ്ങൾ കേടുവരുത്തുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ െപാലീസ് ലാത്തിവീശി.
ശികാർപുരിൽനിന്ന് മാൾഡയിലേക്കുള്ള യാത്രയിൽ രാവിലെ ആറു മണിയോടെയാണ് ദുരന്തം. ഉച്ചയോടെയാണ് കനാലിെൻറ ഏറ്റവും ആഴമേറിയ ഭാഗത്ത് ബസ് കണ്ടെത്താനായതെന്ന് അധികൃതർ അറിയിച്ചു. അറുപതോളം യാത്രക്കാർ ഇതിൽ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ, ഇത് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവം അറിഞ്ഞ ഉടൻ മുഖ്യമന്ത്രി മമത ബാനർജി അപകടസ്ഥലത്ത് കുതിച്ചെത്തി. യാത്രക്കാരെ രക്ഷിക്കാനായി സാധ്യമാവുന്നതെല്ലാം ചെയ്യുമെന്ന് അവർ പ്രതികരിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചു ലക്ഷം വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം വീതവും സഹായധനം പ്രഖ്യാപിച്ചു. ചെറിയ പരിക്കുകൾ പറ്റിയവർക്ക് 50,000 രൂപ വീതം നൽകുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.