ജിം പരിശീലകൻ കൂടുതൽ ഭാരമെടുക്കാൻ നിർബന്ധിച്ചു, യുവാവിന്‍റെ പേശികൾ തകർന്നു; പിഴയിട്ട് ഉപഭോക്തൃ കോടതി
text_fieldsചണ്ഡീഗഡ്: അമിതമായ വ്യായാമം കാരണം യുവാവിന് പേശീതളർച്ച ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട സംഭവത്തിൽ ജിം പരിശീലകൻ ഉത്തരവാദിയാണെന്ന് ഉപഭോക്തൃ കോടതി വിധി. പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. ചണ്ഡീഗഡിലാണ് സംഭവം.
സിമ്രൻജിത് സിങ് സിന്ധു എന്ന യുവാവാണ് പരാതിക്കാരൻ. ഇയാൾ 4500 രൂപ പ്രതിമാസ ഫീസിൽ റോ ഹൗസ് ഫിറ്റ്നസ് എന്ന ജിമ്മിൽ ചേർന്നു. ആദ്യത്തെ രണ്ട് ദിവസം കുറഞ്ഞ ഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങളാണ് ചെയ്തത്. എന്നാൽ, മൂന്നാം ദിവസം കൂടുതൽ ഭാരം ഉപയോഗിച്ചുള്ള വ്യായാമമുറകൾ ചെയ്യാൻ ജിം പരിശീലകൻ നിർദേശിച്ചു. ഭാരം കൂടുതലെടുത്തതോടെ ഇയാൾക്ക് ശ്വാസമെടുക്കാൻ പ്രയാസമുണ്ടാവുകയും പേശികൾ തളർന്ന് കുഴയുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. ഇക്കാര്യം പല തവണ പരിശീലകനോട് പറഞ്ഞിട്ടും വ്യായാമം തുടരാനാണ് നിർദേശിച്ചത്. കടുത്ത വ്യായാമം കാരണം യുവാവിന് വലിയ ശരീരവേദനയും മറ്റ് അസ്വസ്ഥതകളുമുണ്ടായി.
ഇതിന് പിന്നാലെ, മൂത്രത്തിന്‍റെ നിറം ചാരനിറമായി മാറിയത് യുവാവ് ശ്രദ്ധിച്ചു. ഡോക്ടറെ കണ്ടപ്പോൾ, പേശികൾക്ക് പരിക്കേറ്റതിനെ തുടർന്നുള്ള 'റാബ്ഡോമയോലിസിസ്' എന്ന അവസ്ഥയാകാൻ സാധ്യതയുണ്ടെന്നും ധാരാളം വെള്ളം കുടിക്കാനും നിർദേശിച്ചു. പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ പേശീകലകൾ തകർന്ന് മസിൽ ഫൈബർ ഘടകങ്ങൾ രക്തത്തിൽ കലർന്നുള്ള അവസ്ഥയാണുണ്ടായതെന്ന് കണ്ടെത്തി.
തനിക്ക് സംഭവിച്ച അനാരോഗ്യത്തിന്‍റെ ഉത്തരവാദി ജിം പരിശീലകനാണെന്ന് ഇയാൾ പറഞ്ഞിട്ടും ജിം അധികൃതർ അംഗീകരിച്ചില്ല. ജിമ്മിൽ വെച്ചുള്ള ഒരു അപകടത്തിനും തങ്ങൾ ഉത്തരവാദിയല്ലെന്ന് നിയമാവലിയിലുണ്ടെന്ന് ഇവർ വാദിച്ചു. തുടർന്നാണ് യുവാവ് ഉപഭോക്തൃതർക്ക കോടതിയെ സമീപിച്ചത്.
പരിചയസമ്പന്നരായ പരിശീലകരെയാണ് ജിം വാഗ്ദാനം ചെയ്തതെന്നും എന്നാൽ ജിം പരിശീലകൻ അത്തരത്തിലുള്ളതല്ലെന്നും ഇയാൾ ചൂണ്ടിക്കാട്ടി. ജിമ്മിലെ നിയമാവലികൾ പലതും ഉപഭോക്തൃ അവകാശങ്ങൾക്ക് വിരുദ്ധമാണെന്നും ഇയാൾ പരാതിയിൽ പറഞ്ഞു.
പരാതി പരിഗണിച്ച ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി വിശദമായ പരിശോധനക്ക് ശേഷം യുവാവിന്‍റെ വാദങ്ങൾ അംഗീകരിക്കുകയും ഫീസായ 4500 രൂപയും നഷ്ടപരിഹാരമായി 7000 രൂപയും നൽകാൻ വിധിച്ചു. എന്നാൽ, വിധിയിൽ തൃപ്തിവരാത്ത യുവാവ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ജിമ്മിലെ പല നിയമാവലികളും ഉപഭോക്താവിന്‍റെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന വാദം കോടതി അംഗീകരിച്ചു. അമിത വ്യായാമം കാരണമാണ് യുവാവിന്‍റെ പേശികൾക്ക് തകരാർ സംഭവിച്ചതെന്ന് മെഡിക്കൽ രേഖകളിൽ വ്യക്തമാണെന്നും നിരീക്ഷിച്ചു. തുടർന്ന് 25,000 രൂപ നഷ്ടപരിഹാരമായി നൽകാനും 7000 രൂപ കോടതി ചെലവായി നൽകാനും ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.