മംഗളൂരുവിൽ ജുമുഅ നമസ്കാരം വീട്ടിൽ നിർവഹിക്കണമെന്ന് അഭ്യർഥിച്ച് പൊലീസ്
text_fieldsമംഗളൂരു (കർണാടക): മുസ്‌ലിം യുവാവ് കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ക്രമസമാധാനം സംരക്ഷിക്കാൻ നഗരത്തിലെ എല്ലാ മുസ്‌ലിംകളോടും വെള്ളിയാഴ്ച പ്രാർത്ഥന (ജുമുഅ നമസ്കാരം) വീട്ടിൽ തന്നെ നിർവഹിക്കണമെന്ന അഭ്യർഥനയുമായി മംഗളൂരു പൊലീസ്. വ്യാഴാഴ്ചയാണ് മംഗളൂരുവിലെ വസ്ത്രവ്യാപാരിയായ മുഹമ്മദ് ഫാസിൽ (24) എന്ന യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നത്. സൂറത്കലിലെ മംഗൽപേട്ട് സ്വദേശിയായ ഫാസിൽ തന്റെ കടയുടെ മുന്നിൽവെച്ചാണ് ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച നാലംഗ സംഘമാണ് ആക്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
"മേഖലയിൽ ക്രമസമാധാനം സംരക്ഷിക്കാൻ എല്ലാ മുസ്ലീം നേതാക്കളോടും അവരുടെ വീടുകളിൽ പ്രാർത്ഥന നടത്താൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു" മംഗളൂരു പൊലീസ് കമ്മീഷണർ എൻ. ശശികുമാർ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. ശനിയാഴ്ച വരെ സൂറത്ത്കലിന്റെ പരിസര പ്രദേശങ്ങളിലെ നാല് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. "മംഗളൂരു സിറ്റി കമ്മീഷണറേറ്റിന് കീഴിലുള്ള പ്രധാന പ്രദേശങ്ങളിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തി' -കമ്മീഷണർ പറഞ്ഞു.
കൊല്ലപ്പെട്ട മുഹമ്മദ് ഫാസിലിന് ആയിരക്കണക്കിന് പേരുടെ സാന്നിധ്യത്തിൽ യാത്രാമൊഴി നൽകി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം വൻ പോലീസ് സാന്നിധ്യത്തിൽ കാൽനടയായാണ് ജന്മനാടായ മംഗൽപേട്ടിലെ മുഹിയുദ്ദീൻ ജുമാമസ്ജിദിലേക്ക് കൊണ്ടുപോയത്. ഇവിടെ പൊതുദർശനത്തിന് ശേഷം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ചടങ്ങിൽ പ്രാർഥനാ മന്ത്രങ്ങളുരുവിട്ട് നിരവധി പേർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.