കർണാടകയിൽ മുസ്ലിം ഉപമുഖ്യമന്ത്രി ആവശ്യം: ഷാഫി സഅദിയുടെ നീക്കം ദുരൂഹം; പ്രസ്താവന ഏറ്റെടുത്ത് ബി.ജെ.പി
text_fieldsബംഗളൂരു: കോൺഗ്രസ് സർക്കാറിൽ മുസ്ലിംകൾക്ക് ഉപമുഖ്യമന്ത്രി പദവി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള കർണാടക വഖഫ് ബോർഡ് ചെയർമാന്റെ പ്രസ്താവനയിലും നടപടിയിലും ദുരൂഹത. കഴിഞ്ഞ ദിവസം സുന്നി ഉലമ ബോർഡിന്റെ പേരിൽ ഒരു വിഭാഗം സുന്നി നേതാക്കളെ മാത്രം വിളിച്ചുകൂട്ടി ഷാഫി സഅദി വിളിച്ചുചേർത്ത യോഗത്തിന്റേതെന്ന പേരിലാണ് ഈ ആവശ്യമുയർന്നത്. സുന്നി ഉലമ ബോർഡിലെ മുഴുവൻ അംഗങ്ങൾ പോലുമറിയാതെയായിരുന്നു യോഗം. ഉപമുഖ്യമന്ത്രിക്ക് പുറമെ, പ്രധാന ചില മന്ത്രി സ്ഥാനങ്ങൾ മുസ്ലിം സമുദായത്തിന് നൽകണമെന്നായിരുന്നു ആവശ്യം. ഷാഫി സഅദിയുടെ പ്രസ്താവന വ്യക്തിപരമാണെന്നും മുസ്ലിം സമൂഹത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നും 22 മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ കർണാടക മുസ്ലിം മുത്തഹിദ മഹസ് കൺവീനർ മസൂദ് അബ്ദുൽഖാദർ ‘മാധ്യമ’ത്തോട് പറഞ്ഞു. കോൺഗ്രസിനോട് ആവശ്യം ഉന്നയിക്കാൻ തീരുമാനിച്ചിട്ടില്ല. ഇത്തവണ ഒമ്പത് മുസ്ലിം എം.എൽ.എമാരുണ്ട്. അർഹമായ ഇടം കോൺഗ്രസ് നൽകുമെന്ന് പ്രതീക്ഷയുണ്ട്- അദ്ദേഹം പറഞ്ഞു. ബി.ജെ.പി സർക്കാറിന്റെ കാലത്ത് വഖഫ് ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി സഅദിയുടെ തിരക്കിട്ട പ്രസ്താവന കർണാടകയിൽ കോൺഗ്രസിനെയും മുസ്ലിംകളെയും താറടിക്കാനുള്ള ബി.ജെ.പി ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് വിവരം.
ഷാഫി സഅദിയുടെ പ്രസ്താവനക്ക് പിറകെ വിഷയം ഏറ്റെടുത്ത് കോൺഗ്രസിനെ വിമർശിച്ച് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ രംഗത്തുവന്നിരുന്നു. എന്നാൽ, കർണാടകയിലെ പരാജയത്തിൽ അസ്വസ്ഥരായ ബി.ജെ.പിയുടെ വിദ്വേഷവും വിഷവും നിർമിക്കുന്ന ഫാക്ടറികൾ കൂടുതൽ സജീവമായതായി കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു.
2021 നവംബർ 17ന് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കർണാടക മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഷാഫി സഅദി വിജയിച്ചിരുന്നു. ബി.ജെ.പിയുടെ പിന്തുണയുള്ള സ്ഥാനാർഥിയായിരുന്നു അദ്ദേഹം. മുസ്ലിംകൾക്കും തങ്ങൾക്കുമിടയിലെ വിടവ് നികത്തുന്ന പാലമാണ് ഷാഫി സഅദിയെന്നാണ് നിയമമന്ത്രി ജെ.സി. മധുസ്വാമി അന്ന് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ജയം ബി.ജെ.പിയുടെ നേട്ടമായി മുസ്റെ വകുപ്പ് മന്ത്രി ശശികല ജോലെയും വിശേഷിപ്പിച്ചു. കോൺഗ്രസിൽ മുഖ്യമന്ത്രി പദവി സംബന്ധിച്ച ചൂടേറിയ ചർച്ച നടക്കുന്നതിനിടെയാണ് ഉപമുഖ്യമന്ത്രി ആവശ്യവുമായി വഖഫ് ബോർഡ് ചെയർമാന്റെ നേതൃത്വത്തിൽ വിവാദ യോഗം നടന്നത്.
കോൺഗ്രസിൽ ഇത്തവണ ഒരു വനിതയടക്കം ഒമ്പത് മുസ്ലിം എം.എൽ.എമാരാണുള്ളത്. ഖനീസ് ഫാത്തിമ (ഗുൽബർഗ നോർത്ത്), എൻ.എ. ഹാരിസ് (ശാന്തിനഗർ), യു.ടി. ഖാദർ (മംഗളൂരു), തൻവീർ സേട്ട് (നരസിംഹ രാജ), റിസ്വാൻ അർഷാദ് (ശിവാജി നഗർ), ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ (ചാമരാജ്പേട്ട്), റഹിംഖാൻ (ബിദർ നോർത്ത്), എച്ച്.എ. ഇഖ്ബാൽ ഹുസൈൻ (രാമനഗര), ആസിഫ് സേട്ട് (ബെളഗാവി നോർത്ത്) എന്നിവരാണ് വിജയിച്ചത്.
ഗൂഢാലോചനയുടെ ഭാഗം -മുസ്ലിം ലീഗ്
ബംഗളൂരു: മന്ത്രിസഭ രൂപവത്കരണ വിഷയത്തിൽ മുസ്ലിം പ്രാതിനിധ്യം സംബന്ധിച്ചു കർണാടക വഖഫ് ബോർഡ് ചെയർമാന്റെ പ്രസ്താവന സംഘ്പരിവാർ കേന്ദ്രങ്ങൾ മുസ്ലിംകൾക്കെതിരെ പ്രചാരണായുധമാക്കിയതിനു പിന്നിൽ ചെയർമാനും സംഘ് സംഘടനകളും തമ്മിലെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുസ്ലിം ലീഗ് കർണാടക അധ്യക്ഷൻ എൻ. ജാവീദുല്ല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച 15 സ്ഥാനാർഥികളിൽ ഒരാളുടെ പേരിൽപോലും വോട്ടഭ്യർഥിക്കാത്ത വഖഫ് ബോർഡ് ചെയർമാൻ ഷാഫി സഅദി കോൺഗ്രസ് വിജയിപ്പിച്ച എം.എൽ.എമാർക്ക് നൽകേണ്ട പദവി തീരുമാനിക്കേണ്ട. അദ്ദേഹം ബി.ജെ.പിക്കുവേണ്ടി പണിയെടുത്തിട്ട് കോൺഗ്രസിനോട് കൂലി ചോദിക്കാൻ വരേണ്ട. ഇത്തരം പ്രസ്താവനകൾ സാമുദായിക ധ്രുവീകരണത്തിനേ സഹായിക്കൂ. മുസ്ലിം എം.എൽ.എമാർക്ക് അർഹിക്കുന്ന പരിഗണന കോൺഗ്രസ് നൽകുമെന്ന വിശ്വാസവും പ്രതീക്ഷയുമുണ്ട്. എസ്.എം. കൃഷ്ണ മന്ത്രിസഭയിൽ അഞ്ചു മന്ത്രിമാരെ നിയോഗിച്ച പാരമ്പര്യം കോൺഗ്രസിനുണ്ട്- ജാവീദുല്ല ചൂണ്ടിക്കാട്ടി. കോൺഗ്രസ് വിജയത്തിൽ മുസ്ലിം വോട്ടർമാരുടെ പങ്ക് വലുതാണ്. മുസ്ലിം വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥികൾക്കായി ഏകീകരിച്ചത് ഗുണമായി. വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും ബി.ജെ.പി ഭരണത്തെ തൂത്തെറിയാൻ കാരണമായി. ബി.ജെ.പി ഭരണകൂടം മുസ്ലിം സമുദായത്തിന്റെ സ്വൈരജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തിയപ്പോൾ സമുദായത്തിന് സമാശ്വാസത്തിന്റെ കൈ നീട്ടിയത് കോൺഗ്രസ് പാർട്ടിയും നേതാക്കളുമാണ്. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി കോൺഗ്രസിന് പിന്തുണ നൽകിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എ.ഐ.കെ.എം.സി.സി പ്രസിഡന്റ് എം.കെ. നൗഷാദ്, മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് പ്രചാരണ സമിതി കോഓഡിനേറ്റർ സി.പി. സദഖത്തുല്ല എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.