മതത്തിന്റെ പേരിൽ ആൾക്കൂട്ടം ആക്രമിച്ചതായി കുടുംബം; നിഷേധിച്ച് പൊലീസ്
text_fieldsമതത്തിന്റെ പേരിൽ ആൾക്കൂട്ടം ആക്രമിച്ചതായി ആരോപിച്ച് യുവാവും കുടുംബവും. മധ്യപ്രദേശിലെ ചിന്ദ്‍വാര ജില്ലയിൽ തന്നെയും കുടുംബത്തെയും ജനക്കൂട്ടം മർദിച്ചതായി വാജിദ് അലി (23) ആണ് പരാതി നൽകിയിരിക്കുന്നത്. പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്.ഐ.ആർ) പോലീസ് സംഭവം തെറ്റായി ഉദ്ധരിച്ചതായും ഇയാൾ ആരോപിച്ചു.
സെപ്തംബർ 15 ന് ചിന്ദ്‍വാരയിലെ ഔരിയ ഗ്രാമത്തിൽ വാജിദ് അലി (23), പിതാവ് ലായക് അലി, അമ്മ എന്നിവരെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. പോലീസ് ഇടപെട്ട് പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലെത്തിച്ചു. ഇവരെ പിന്നീട് ചിന്ദ്‍വാരയിലെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. സംഭവം നടക്കുമ്പോൾ തന്റെ മാതാപിതാക്കളും താനും തന്റെ സഹോദരിമാരിൽ ഒരാളെ കാണാൻ പോകുകയായിരുന്നുവെന്ന് വാജിദ് അലി 'ദി ക്വിന്റി'നോട് പറഞ്ഞു.
അതേസമയം, മതത്തിന്റെ പേരിൽ കുടുംബത്തെ മർദിച്ചെന്നും എഫ്.ഐ.ആർ തെറ്റായി രേഖപ്പെടുത്തിയുമെന്നുള്ള ആരോപണം പൊലീസ് നിഷേധിച്ചു. ഗ്രാമത്തിലെ ഒരു സ്ത്രീയുമായി വാജിദിന് ബന്ധമുണ്ടെന്നും ഏതാനും മാസങ്ങൾക്ക് മുമ്പ് അവളോടൊപ്പം ഒളിച്ചോടിയതായും പൊലീസ് പറയുന്നു. സംഭവത്തിൽ യുവതിയുടെ കുടുംബം പരാതി നൽകിയതിനെ തുടർന്ന് ഇവരെ മഹാരാഷ്ട്രയിലെ നാസിക്കിൽ കണ്ടെത്തുകയും തിരികെ കൊണ്ടുവരികയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇരുകക്ഷികളും തമ്മിൽ കേസ് ഒത്തുതീർപ്പാക്കുകയും യുവതിയെ ഔരിയ ഗ്രാമത്തിൽ അമ്മാവനൊപ്പം താമസിക്കാൻ അയക്കുകയും ചെയ്തു.
'യുവാവും മാതാപിതാക്കളും ഔരിയയിലേക്ക് പോയിരുന്നു. അവിടെ സ്ത്രീയുടെ കുടുംബാംഗങ്ങൾ അവരെ തിരിച്ചറിഞ്ഞു'-കുപുർദ പോലീസ് ഔട്ട്‌പോസ്റ്റ് ഇൻ ചാർജ് ദ്വാരക പ്രസാദ് പാൽ പറയുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ വാജിദ് അലിയും മാതാപിതാക്കളുമായി തർക്കിക്കുകയും തുടർന്ന് യുവാവിനെയും മാതാപിതാക്കളെയും മർദിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
പെൺകുട്ടിയുമായി തനിക്ക് ബന്ധമുണ്ടെന്നും ഇരുവരും ഒളിച്ചോടിയെന്നും പിന്നീട് പോലീസ് പിടികൂടിയെന്നും വാജിദും സ്ഥിരീകരിച്ചു. എന്നാൽ താനും മാതാപിതാക്കളും ഗ്രാമത്തിൽ സഹോദരിയെ കാണാൻ പോകുമ്പോൾ ഗ്രാമവാസികൾ തടയുകയായിരുന്നെന്നും പെൺകുട്ടിയുമായി ബന്ധപ്പെട്ട സംഭവവുമായി ഇതിന് ബന്ധമില്ലെന്നും വാജിദ് പറയുന്നു. വാജിദിന്റേയും കുടുംബത്തിന്റെയും പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.