വിവാഹത്തിന് ഡി.ജെ, പടക്കം പൊട്ടിക്കൽ, നൃത്തം എന്നിവ വിലക്കി ധൻബാദിലെ 55 മുസ്‍ലിം സംഘടനകൾ
text_fieldsവിവാഹ ധൂർത്തിന്‍റെ ഭാഗമായി നടത്തുന്ന ഡി.ജെ, പടക്കം പൊട്ടിക്കൽ, നൃത്തം എന്നിവക്കെതിരെ വിലക്കുമായി ജാർഖണ്ഡിലെ 55 മുസ്‍ലിം സംഘടനകൾ. ധൻബാദിലെ പ്രാദേശിക മുസ് ലിം സംഘടനകളാണ് തീരുമാനവുമായി രംഗത്തെത്തിയത്. തീരുമാനം ലംഘിച്ചാൽ പുരോഹിതർ വിവാഹം നടത്തിത്തരാൻ വരില്ലെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. തൻസീം ഉലമ അഹ്‌ലെ സുന്നത്തിന്റെ ആഭിമുഖ്യത്തിൽ വാസിപൂരിൽ നടന്ന സംയുക്ത യോഗത്തിലാണ് സമവായത്തിലൂടെ തീരുമാനമെടുത്തത്.
‘നിക്കാഹ് ആസാൻ കരോ’ എന്ന കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും ധൻബാദിന് ശേഷം സംസ്ഥാനമൊട്ടാകെ നടപ്പാക്കുമെന്നും മൗലാന ഗുലാം സർവാർ ഖാദ്രി പറഞ്ഞു. വിവാഹസമയത്തെ അനാവശ്യ പരിപാടികൾ മൂലം ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാകുകയാണെന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാ പ്രതിനിധികളും സമ്മതിച്ചു. പടക്കങ്ങളും ഡി.ജെകളും ഇസ്‌ലാമിക വിശ്വാസങ്ങളും പാരമ്പര്യങ്ങളും ലംഘിക്കുകയും അത്യാധുനികത വർധിപ്പിക്കുകയും ചെയ്‌തു.
അതിനാലാണ് ഇത്തരം വിവാഹങ്ങൾ കൂട്ടായി ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി പണം ചെലവഴിക്കുന്നത് അവർക്ക് ഗുണം ചെയ്യുമെന്നും അത് സാമൂഹിക ഉന്നമനത്തിലേക്കുള്ള ചുവടുവയ്പായിരിക്കുമെന്നും മുഫ്തി മുഹമ്മദ് റിസ്വാൻ അഹമ്മദ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.