മുസ്‍ലിം വിദ്വേഷ പ്രസംഗം: ഹൈകോടതി ജഡ്ജിക്ക് താക്കീത്; ഭരണഘടനാ പദവിയുടെ മാന്യത കാക്കണമെന്ന് സുപ്രീംകോടതി കൊളീജിയം
text_fieldsന്യൂഡൽഹി: മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ അഞ്ചംഗ സുപ്രീം കോടതി കൊളീജിയത്തിന്റെ താക്കീത്. ഭരണഘടനാ പദവിയുടെ മാന്യത കാക്കണമെന്നും പൊതുപ്രസംഗങ്ങളിൽ ജാഗ്രത പുലർത്തണമെന്നും കഴിഞ്ഞദിവസം തങ്ങൾക്കുമുന്നിൽ ഹാജരായ ജസ്റ്റിസ് യാദവിനെ മുതിർന്ന ന്യായാധിപർ ഓർമിപ്പിച്ചു. ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, സൂര്യകാന്ത്, ഋഷികേശ് റോയ്, എ.എസ്.ഓക എന്നിവരാണ് കൊളീജിയത്തിലെ മറ്റ് അംഗങ്ങൾ.
ഡിസംബർ എട്ടിന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പരിപാടിയിൽ പങ്കെടുത്ത് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം കൈമാറാന്‍ ഹൈകോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നൽകിയിരുന്നു. ചൊവ്വാഴ്ചയാണ് ജസ്റ്റിസ് യാദവ് സുപ്രീംകോടതി കൊളീജിയം മുമ്പാകെ ഹാജരായത്. മാധ്യമങ്ങൾ തന്റെ പ്രസംഗം ഭാഗികമായി റിപ്പോർട്ട് ചെയ്ത് വിവാദമുണ്ടാക്കിയെന്നാണ് ജസ്റ്റിസ് യാദവ് വിശദീകരിച്ചത്. പ്രസംഗത്തിൽ ഉദ്ദേശിച്ച കാര്യങ്ങൾ വിശദീകരിക്കാമെന്നും അദ്ദേഹം അറിയിച്ചു.
വിശദീകരണം കൊളീജിയത്തിന് സ്വീകാര്യമായില്ല. തുടർന്നാണ് ജസ്റ്റിസ് യാദവിനെ രൂക്ഷമായി വിമർശിച്ചത്. ഭരണഘടനാ പദവി വഹിക്കുന്ന ആൾ എന്ന നിലയിൽ താങ്കളുടെ എല്ലാ വാക്കുകളും വിലയിരുത്തപ്പെടുമെന്ന് കൊളീജിയം വ്യക്തമാക്കി. ജഡ്ജിമാരുടെ കോടതിക്കകത്തും പുറത്തുമുള്ള പ്രസ്താവനകൾ ജനങ്ങൾക്ക് നിയമസംവിധാനത്തിലുള്ള വിശ്വാസം തകർക്കുന്നതാകരുതെന്നും അവർ തുടർന്നു. വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജി ശേഖർ കുമാർ യാദവിനെ ഇംപീച്ച് ചെയ്യാൻ ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ രാജ്യസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.