മുസ്ലിം നേതാക്കൾ അമിത് ഷായെ കണ്ടു; കലാപങ്ങളും വിദ്വേഷവും ഇസ്ലാമോഫോബിയയും തടയണം
text_fieldsന്യൂഡൽഹി: രാജ്യത്ത് വർഗീയ കലാപങ്ങളും വിദ്വേഷ പ്രസംഗങ്ങളും ഇസ്ലാമോഫോബിയയും തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ മുസ്ലിം നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. രാമനവമി ഘോഷയാത്രക്കിടെ വ്യാപകമായി വർഗീയ സംഘർഷമുണ്ടായതിന് പിന്നാലെ അമിത് ഷായുമായി ചർച്ച നടത്തിയ പ്രതിനിധിസംഘം മുസ്ലിം സമുദായത്തിന്റെ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനവും സമർപ്പിച്ചു.
ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ജംഇയ്യത്ത് അഹ് ലെ ഹദീസ് അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ 17 നേതാക്കൾ നിവേദനത്തിൽ ഒപ്പിട്ടു. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന മഹ്മൂദ് അസദ് മദനി, മർകസി ജംഇയ്യത്ത് അഹ് ലെ ഹദീസ് അമീർ മൗലാന അസ്ഗർ അലി ഇമാം മഹ്ദി സലഫി, അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗം കമാൽ ഫാറൂഖി, പ്രഫസർ അക്തറുൽ വാസിഅ്, പി.എ ഇനാംദാർ, നാസിഹ് എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ മൗലാന ശബീർ നദ്വി.
ജഹീർ ഖാസി (അഞ്ചുമനെ ഇസ്ലാം), ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അഖിലേന്ത്യ ഉപാധ്യക്ഷൻ മൗലാന മുഹമ്മദ് സൽമാൻ ബിജ്നൗരി, അഖിലേന്ത്യ നിർവാഹക സമിതി അംഗം മൗലാന നിയാസ് അഹ്മദ് ഫാറൂഖി, ജംഇയ്യത്ത് സംസ്ഥാന പ്രസിഡന്റുമാരായ മൗലാന മുഹമ്മദ് ഇബ്റാഹീം(കേരളം), മുഫ്തി ഇഫ്തിഖാർ അഹ്മദ് (കർണാടക).
മൗലാന നദീം സിദ്ദീഖി (മഹാരാഷ്ട്ര), മൗലാന അലി ഹസൻ മജാഹിരി (ഹരിയാന-പഞ്ചാബ്) ജംഇയ്യത്ത് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഹാജി ഹസൻ അഹ്മദ് (തമിഴ്നാട്), മുഫ്തി ശംസുദ്ദീൻ ബജ്ലി (കർണാടക), മൗലാന യഹ്യ കരീമി (ഹരിയാന-പഞ്ചാബ്), മുഫ്തി സൽമാൻ മൻസൂർപുരി (ജംഇയ്യത്ത് -ദീനി തഅ്ലിമി ബോർഡ്) എന്നിവരാണ് ഒപ്പുവെച്ചത്.
സംസ്ഥാനങ്ങളിൽനിന്ന് പുറത്തുവരുന്ന വർഗീയ സംഘർഷ വാർത്തകളിലേക്ക് അമിത് ഷായുടെ ശ്രദ്ധ ക്ഷണിച്ച നേതാക്കൾ അവക്ക് അറുതിവരുത്താൻ നടപടി വേണമെന്നാണ് ഒന്നാമതായി ആവശ്യപ്പെട്ടത്.
വിദ്വേഷ പ്രസംഗങ്ങളും ഇസ്ലാം വിരുദ്ധ പ്രചാരണങ്ങളും തടയണമെന്നായിരുന്നു രണ്ടാമത്തെ ആവശ്യം. വിദ്വേഷം പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ സുപ്രീംകോടതി നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുക, ആൾക്കൂട്ട ആക്രമണങ്ങൾ തടയുക, വഖഫ് സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പാക്കുക, കശ്മീരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, സമാധാനം പുനഃസ്ഥാപിക്കാൻ നിർജീവമായി കിടക്കുന്ന നാഷനൽ ഫൗണ്ടേഷൻ ഫോർ കമ്യൂണൽ ഹാർമണി.
നാഷനൽ ഇന്റഗ്രേഷൻ കൗൺസിൽ എന്നിവ പുനഃസംഘടിപ്പിക്കുക, മുസ്ലിം മദ്റസകൾക്ക് പ്രവർത്തന സ്വാതന്ത്ര്യവും സുരക്ഷയും നൽകുക, കർണാടകയിലെ മുസ്ലിം സംവരണം പുനഃസ്ഥാപിക്കുക, അസമിൽ സർക്കാർ ഭൂമി ഒഴിപ്പിക്കുന്നതിന്റെ പേരിൽ ദരിദ്രരായ മനുഷ്യർക്കു നേരെയുള്ള അതിക്രമം തടയുക.
രണ്ടു വർഷത്തിലേറെ ജയിലിൽ കഴിയുന്ന മൗലാന കലീം സിദ്ദീഖി, ഉമർ ഗൗതം തുടങ്ങിയവരുടെ മോചനത്തിന് നടപടി എടുക്കുക എന്നീ ആവശ്യങ്ങളാണ് അമിത് ഷാക്ക് മുന്നിൽ വെച്ചത്. സ്വവർഗ വിവാഹത്തിനെതിരെ കേന്ദ്രം സുപ്രീംകോടതിയിൽ നിലപാടെടുത്തതിനെ നേതാക്കൾ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.