തീവ്രവാദവത്കരണം ഇന്ത്യയിലെ ചെറുപ്പക്കാര്‍ ചെറുത്തു –മോദി
text_fieldsന്യൂഡല്‍ഹി: ലോകത്തിന്‍െറ വിവിധ ഭാഗങ്ങളെ ബാധിച്ച തീവ്രവാദവത്കരണത്തെ ഇന്ത്യയിലെ ചെറുപ്പക്കാര്‍ വിജയകരമായി ചെറുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്ലിം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള മോദിയുടെ പോരാട്ടത്തിന് ഏകസ്വരത്തില്‍ പിന്തുണ പ്രഖ്യാപിച്ച ഈ നേതാക്കള്‍ ഇതിന്‍െറ പ്രയോജനം ന്യൂനപക്ഷങ്ങളടക്കമുള്ള പാവപ്പെട്ടവര്‍ക്ക് ലഭിക്കുമെന്ന് അഭിപ്രായപ്പെട്ടുവെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും സാമൂഹിക ഘടനയും ഭീകരപ്രവര്‍ത്തകരുടെയും അവരുടെ സ്പോണ്‍സര്‍മാരുടെയും ഹീനമായ തന്ത്രങ്ങള്‍ അനുവദിക്കില്ളെന്ന് മോദി മുസ്ലിം നേതാക്കളോട് പറഞ്ഞു. പരസ്പരം പങ്കുവെക്കലിന്‍െറ നീണ്ടുനില്‍ക്കുന്ന പാരമ്പര്യം കാത്തുസൂക്ഷിച്ച ജനങ്ങള്‍ക്കാണ് തീവ്രവാദത്തെ പ്രതിരോധിച്ചതിന്‍െറ ക്രെഡിറ്റ്. ഈ പാരമ്പര്യം കൂട്ടായി മുന്നോട്ടുകൊണ്ടുപോവുകയാണ് നമ്മുടെ ഉത്തരവാദിത്തം.
വിദ്യാഭ്യാസത്തിന്‍െറയും വൈദഗ്ധ്യ വികസനത്തിന്‍െറയും പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, അതാണ് ദാരിദ്ര്യത്തില്‍നിന്നുള്ള മോചനത്തിനും മികച്ച തൊഴിലിനുമുള്ള താക്കോലെന്നും ഓര്‍മിപ്പിച്ചു. വെട്ടിക്കുറച്ച ഹജ്ജ് ക്വോട്ട പുനഃസ്ഥാപിച്ചതിന് മുസ്ലിം നേതാക്കള്‍ മോദിക്ക് കൃതജ്ഞത രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ അടക്കമുള്ളവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പുരോഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ സംഘം അഭിനന്ദിച്ചു. ശുചിത്വഭാരതത്തിനായി മോദി നടത്തുന്ന പ്രയത്നങ്ങളെയും നേതാക്കള്‍ പ്രകീര്‍ത്തിച്ചു.
കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, കേന്ദ്ര വിദേശ സഹമന്ത്രി എം.ജെ. അക്ബര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ജാമിഅ മിലിയ ഇസ്ലാമിയ വി.സി തലത്ത് അഹ്മദ്, മുന്‍ അലീഗഢ് വൈസ് ചാന്‍സലര്‍ സമീറുദ്ദീന്‍ ഷാ, മുന്‍ സുപ്രീംകോടതി ജഡ്ജി എം.വൈ. ഇഖ്ബാല്‍, ന്യൂഡല്‍ഹി ഇന്ത്യ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് സിറാജുദ്ദീന്‍ ഖുറൈശി, ഉര്‍ദു മാധ്യമപ്രവര്‍ത്തകന്‍ ശാഹിദ് സിദ്ദീഖി, ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ നേതാവ് ഇമാം ഉമര്‍ അഹ്മദ് ഇല്യാസി തുടങ്ങി 30ഓളം പേരുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.