എൻ.ഡി.എ പ്രവേശനം: ജെ.ഡി.എസ് വൈസ് പ്രസിഡന്റ് രാജിവെച്ചു
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിൽ ചേർന്നതോടെ ജെ.ഡി.എസിൽനിന്ന് രാജി. പാർട്ടിയിലെ ന്യൂനപക്ഷ വിഭാഗം നേതാക്കൾ കുമാര കൃപ ഗെസ്റ്റ്ഹൗസിൽ യോഗം ചേർന്ന് ദേശീയ നേതാക്കളുടെ തീരുമാനത്തിലെ അതൃപ്തി അറിയിച്ചു. മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് ഷഫീഉല്ല പ്രാഥമികാംഗത്വം മുതൽ എല്ലാ ചുമതലകളും രാജിവെച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് എൻ.എം. നബി, സംസ്ഥാന ന്യൂനപക്ഷ വിഭാഗം മുൻ പ്രസിഡന്റ് നസീർ ഹുസൈൻ, യുവജനവിഭാഗം വർക്കിങ് പ്രസിഡന്റ് എൻ.എം. നൂർ, മോഹിത് അൽതാഫ് എന്നിവരും രാജിക്കൊരുങ്ങുകയാണെന്ന സൂചനകളുണ്ട്. ദേശീയ അധ്യക്ഷൻ ദേവഗൗഡക്കാണ് സയ്യിദ് ഷഫീഉല്ല രാജിക്കത്ത് നൽകിയത്. ബി.ജെ.പി സഖ്യത്തിൽ ചേരുന്നതിലുള്ള എതിർപ്പ് ഇദ്ദേഹമടക്കമുള്ള നേതാക്കൾ നേരത്തേ ഉന്നയിച്ചിരുന്നു.
അതേസമയം, ജെ.ഡി.എസ് (ജനതാദൾ-സെക്യുലർ) തങ്ങളുടെ പേരിലെ ‘മതേതരത്വം’ എന്ന വാക്ക് ഉടൻ നീക്കണമെന്നും ഇക്കാര്യത്തിനായി തെരഞ്ഞെടുപ്പ് കമീഷന് കത്തെഴുതണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ പറഞ്ഞു.
വർഗീയ പാർട്ടിയായ ബി.ജെ.പിയുമായാണ് ജെ.ഡി.എസ് കൂട്ടുകൂടിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ വൻതോൽവിക്കുശേഷം കർണാടകയിലെ നേതാക്കളിലുള്ള എല്ലാ വിശ്വാസവും ബി.ജെ.പിക്ക് നഷ്ടമായിരിക്കുകയാണ്. ഇതിനാലാണ് ജെ.ഡി.എസുമായി സഖ്യമുണ്ടാക്കിയതെന്നും ഇതിൽ അത്ഭുതമില്ലെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.