മുത്തലാഖ് ബില്ലിനെ മുസ്ലിം ലീഗ് എതിർക്കും
text_fieldsന്യൂഡൽഹി: മുത്തലാഖ് ബില്ലിനെ പാർലമെൻറിനകത്തും പുറത്തും ശക്തമായി എതിർക്കാൻ ഡൽഹിയിൽ ചേർന്ന മുസ്ലിം ലീഗ് ദേശീയ നിർവാഹക സമിതി യോഗം തീരുമാനിച്ചു.
നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ തുടരുന്ന രാഷ്ട്രീയ കൂട്ടുകെട്ട് തുടരാനും യോഗത്തിൽ തീരുമാനിച്ചതായി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. എന്തൊക്കെ ന്യൂനത ഉണ്ടെങ്കിലും ബി.ജെ.പിക്ക് ബദലായി കോൺഗ്രസിനെ മാത്രമേ കാണുന്നുള്ളൂ. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലം ശുഭസൂചനയാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുത്തലാഖ് ബില്ലിൽ വാസ്തവ വിരുദ്ധമായ പലതുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നും മുസ്ലിം പേഴ്സനൽ ബോർഡിനെ ഇല്ലാതാക്കി ഏക സിവിൽകോഡ് നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
ബിൽ ഭരണഘടനവിരുദ്ധമാണ്. എല്ലാവർക്കും അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചിട്ടുണ്ട്. അതില്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രാഷ്ട്രീയ ദുഷ്ടലാക്കല്ലാെത ഒരു നന്മയും മുത്തലാഖ് ബില്ലിൽ കാണുന്നില്ലെന്നും ഇ.ടി പറഞ്ഞു. വിദേശ രാജ്യങ്ങളിലെ റോഹിങ്ക്യൻ അഭയാർഥികളെ സഹായിക്കുന്നതിനുള്ള അനുമതി ലീഗിന് കേന്ദ്ര സർക്കാറിൽനിന്ന് ലഭിച്ചതായും അദ്ദേഹം അറിയിച്ചു.
ബുധനാഴ്ച ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഹൈദരലി ശിഹാബ് തങ്ങൾ, ദേശീയ അധ്യക്ഷൻ കെ.എം. ഖാദർ മൊയ്തീൻ, ട്രഷറർ പി.വി. അബ്ദുൽ വഹാബ്, നിർവാഹക സമിതി അംഗങ്ങളായ സാദിഖലി ശിഹാബ് തങ്ങൾ, എം.കെ. മുനീർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്ത രാഹുൽ ഗാന്ധിയെ ഹൈദരലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.