ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്ന പരാമർശം: ഹൈകോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി മുസ്‌ലിം ലീഗ്
text_fieldsന്യൂഡൽഹി: ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്ന വിശ്വഹിന്ദു പരിഷത്ത് പരിപാടിയിലെ അലഹബാദ് ഹൈകോടതി ജഡ്ജി ശേഖർ കുമാർ യാദവിന്‍റെ വിവാദ പരാമർശങ്ങളിൽ മുസ്‌ലിം ലീഗ് നിലപാട് കടുപ്പിക്കുന്നു. ജഡ്ജി എ.കെ. യാദവിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ലീഗ് എം.പിയും അഭിഭാഷകനുമായ ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു. സ്വമേധയാ കേസെടുത്തില്ലെങ്കിൽ നിയമ വഴികൾ ആലോചിക്കും. എ.കെ. യാദവിനെതിരെ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതി നൽകിയെന്നും ഹാരിസ് ബീരാൻ വ്യക്തമാക്കി.
ജഡ്ജിയുടെ പരാമർശം ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ഹാരിസ് ബീരാൻ പറഞ്ഞു. ഹൈകോടതി ലൈബ്രറിയിൽ വി.എച്ച്.പി നേതൃത്വം നൽകിയ യോഗത്തിലാണ് എ.കെ. യാദവ് വിവാദ പരാമർശം നടത്തിയത്. മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പ്രധാനമന്ത്രിക്കൊപ്പം പൂജക്ക് പങ്കെടുത്തതടക്കം നാം കണ്ടതാണ്. നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് ഇത്തരം സംഭവങ്ങൾ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിദ്വേഷ പ്രസംഗമാണ് ജഡ്ജി നടത്തിയതെന്നും സുപ്രീംകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ലോയേഴ്സ് യൂനിയനും രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം പരിപാടിയിൽ സിറ്റിങ് ജഡ്ജി പങ്കെടുക്കുന്നത് നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ്. ഒരു സാധാരണക്കാരൻ പോലും ഇതുപോലെ സംസാരിക്കാറില്ല. സ്വതന്ത്ര ജുഡീഷ്യറി എന്ന ഒരു ആശയമുണ്ടെന്നും അതിന് ജുഡീഷ്യറിക്കുള്ളിൽ നിന്ന് തുരങ്കം വെക്കുന്ന പ്രവൃത്തിയാണ് എസ്.കെ. യാദവ് ചെയ്തിട്ടുള്ളതെന്നും അധ്യക്ഷൻ പി.വി സുരേന്ദ്രനാഥ് ചൂണ്ടിക്കാട്ടി.
അലഹബാദ് ഹൈകോടതി ലൈബ്രറി ഹാളിൽ വിശ്വഹിന്ദു പരിഷത്ത് ലീഗൽ സെൽ സംഘടിപ്പിച്ച പരിപാടിയിലാണ് ജഡ്ജി എസ്.കെ യാദവ് വിവാദ പരാമർശം നടത്തിയത്. ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്ന് പറഞ്ഞ ജഡ്ജി, ഏക സിവിൽ കോഡ് ഉടൻ യാഥാർഥ്യമാകുമെന്നും ചൂണ്ടിക്കാട്ടി. ഭൂരിപക്ഷത്തിന്‍റെ അഭിപ്രായ പ്രകാരമായിരിക്കും ഭരിക്കപ്പെടുകയെന്നും രാജ്യം മുന്നോട്ടു പോവുകയെന്നും ജഡ്ജി വ്യക്തമാക്കി.
ഏക സിവിൽ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണ്. ഉടൻ യാഥാർഥ്യമാകും. ഏക സിവിൽ കോഡ് ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഉറപ്പ് നൽകുന്നതാണ്. ആർ.എസ്.എസും വി.എച്ച്.പിയും മാത്രമല്ല ഏക സിവിൽ കോഡ് ആവശ്യപ്പെടുന്നത്. രാജ്യത്തിന്‍റെ പരമോന്നത നീതിപീഠവും ഏക സിവിൽ കോഡിനെ പിന്തുണക്കുന്നു- ശേഖർ കുമാർ യാദവ് വ്യക്തമാക്കി.
ജഡ്ജി ശേഖർ കുമാർ യാദവ് മുമ്പും വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. പശു ദേശീയ മൃഗമാകണമെന്നായിരുന്നു പരാമർശം. പശു ഓക്സിജൻ ശ്വസിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്ന ജീവിയാണെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് എന്നും പറഞ്ഞിട്ടുണ്ട്. പശുവിനെ കശാപ്പ് ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള വിധിയിലായിരുന്നു ഈ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.