ദേശീയ മതേതര സഖ്യത്തിന് മുസ്ലിം ലീഗ്
text_fieldsചെന്നൈ: പാർലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ തമിഴ്നാട് മാതൃകയിൽ രാജ്യവ്യാപകമായി മതേതര സഖ്യം രൂപപ്പെടുത്താൻ കർമപദ്ധതി തയാറാക്കുമെന്ന് മുസ്ലിം ലീഗ്. ഒരുവർഷം നീളുന്ന പ്ലാറ്റിനം ജൂബിലിയുടെ പ്രവർത്തനരേഖയിലാണ് പ്രഖ്യാപനം. ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയും മതേതര പാർട്ടികൾക്കാണെങ്കിലും അവർ ഐക്യപ്പെടാത്തതാണ് പ്രശ്നം. ഇക്കാര്യത്തിൽ കേരളത്തിലും തമിഴ്നാട്ടിലും ലീഗ് നിർവഹിക്കുന്ന റോൾ സാധ്യമാകുന്നത്ര ദേശവ്യാപകമാക്കും. നവംബറിൽ ഡൽഹി രാം ലീല മൈതാനിയിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ മുഴുവൻ മതേതര കക്ഷികളുടെയും നേതാക്കളെ പങ്കെടുപ്പിക്കും. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗഹൃദ സദസ്സ് സംഘടിപ്പിക്കും. യുവാക്കളുടെ ശാക്തീകരണത്തിന് കർമപദ്ധതി ആവിഷ്കരിക്കും. ന്യൂനപക്ഷ ബോധവത്കരണത്തിന്റെ ഭാഗമായി പ്രാദേശിക ഭാഷകളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുമെന്നും കർമരേഖ വ്യക്തമാക്കി. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ചെന്നൈ കലൈവാണർ അരംഗത്ത് (ഹൈദരലി തങ്ങൾ നഗർ) നടന്ന പ്രതിനിധി സമ്മേളനത്തിൽ പ്രവർത്തനരേഖ സമർപ്പിച്ചത്.
രാജ്യത്ത് മതേതരത്വം ഭീഷണി നേരിടുന്ന സാഹചര്യത്തിൽ മതേതര കക്ഷികൾ ഐക്യപ്പെടേണ്ടത് അനിവാര്യമാണെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത പാർട്ടി ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാനും കേരള അധ്യക്ഷനുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. രാജ്യത്തിന്റെ പാരമ്പര്യവും ഐക്യവും തകർക്കുന്നതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം ഉയരണം. ഇതിന് ലീഗിന്റെ പൂർണ പിന്തുണയുണ്ടാകും. പൗരത്വ നിയമവും ഏക സിവിൽ കോഡും മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ചുള്ളതാണ്. മതത്തിന്റെ പേരിൽ കൊലയും കൊള്ളയും പലായനവും നടക്കുന്നത് ദുഃഖകരമാണ്. രാഷ്ട്രീയ പാർട്ടികൾക്കുപോലും രാജ്യത്ത് പ്രവർത്തന സ്വാതന്ത്ര്യമില്ലാതായിരിക്കുന്നു. ഈ സാഹചര്യത്തിൽ മതേതരത്വം സംരക്ഷിക്കാൻ ഭിന്നതകൾ മാറ്റിവെച്ച് രംഗത്തിറങ്ങണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം. ഖാദർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം 3.30ന് നടക്കുന്ന ഗ്രീൻ ഗാർഡ് പരേഡിനെത്തുടർന്ന് സമാപന സമ്മേളനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.