പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു VIDEO
text_fieldsന്യൂഡൽഹി: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലിംലീഗ് പ്രതിനിധി പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് ലോക്സഭയിലാണ് കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തത്. ലോക്സഭ സെക്രട്ടറിക്ക് മുമ്പാകെ ദൈവനാമത്തിലാണ് കുഞ്ഞാലിക്കുട്ടി സത്യവാചകം ചൊല്ലിയത്.
കുഞ്ഞാലിക്കുട്ടിയുടെ സത്യപ്രതിജ്ഞയോടെ പാർലമെന്‍റിൽ മുസ് ലിം ലീഗിന്‍റെ പ്രാതിനിധ്യം മൂന്നായി ഉയർത്തി. നിലവിൽ ലോക്സഭയിൽ ഇ.ടി. മുഹമ്മദ് ബഷീറും രാജ്യസഭയിൽ പി.വി. അബ്ദുൽ വഹാബും ആണ് ലീഗ് പ്രതിനിധികൾ. നിലവിൽ ലീഗ് ദേശീയ ജനറൽ സെക്രട്ടറിയാണ് കുഞ്ഞാലിക്കുട്ടി.
മുസ് ലിം ലീഗിന്‍റെ ചരിത്രത്തിൽ നിയമസഭാംഗമായിരിക്കെ എം.പിയാകുന്ന രണ്ടാമത്തെ നേതാവാണ് കുഞ്ഞാലിക്കുട്ടി. മുൻ മുഖ്യമന്ത്രി കൂടിയായ സി.എച്ച്. മുഹമ്മദ്കോയയാണ് സമാനരീതിയിൽ എം.പിയായിട്ടുള്ളത്. കൊണ്ടോട്ടി മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് മഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ സി.എച്ച്. വിജയിക്കുന്നത്. ദേശീയ അധ്യക്ഷൻ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഇൗൽ സാഹിബിന്‍റെ വിയോഗത്തെ തുടർന്നായിരുന്നു ഇത്.
ഇ. അഹമ്മദിന്റെ മരണത്തെ തുടർന്ന് ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷേത്താടെയായിരുന്നു മലപ്പുറം ലോക്സഭ മണ്ഡലത്തിൽ നിന്ന് കുഞ്ഞാലിക്കുട്ടിയുടെ ജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥിയായ കുഞ്ഞാലിക്കുട്ടി 1,71,023 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി ഫൈസലിനെ പരാജയപ്പെടുത്തിയത്. കുഞ്ഞാലിക്കുട്ടിക്ക് 5,15,330ഉം എം.ബി ഫൈസലിന് 3,44,307ഉം വോട്ട് ലഭിച്ചു. 65,675 വോട്ടുമായി എൻ. ശ്രീപ്രകാശ് മൂന്നാം സ്ഥാനത്തെത്തി. മുമ്പ് ഇ. അഹമ്മദ് 1,94,739 വോട്ടിന്‍റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കുഞ്ഞാലിക്കുട്ടിയെ കൂടാതെ കശ്മീരിൽ നിന്നുള്ള നാഷണൽ കോൺഫറൻസ് നേതാവ് ഫറുഖ് അബ്ദുല്ലയും എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ശ്രീനഗറിലെ ബുദ്ഗാം ലോക്സഭ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ ഫറൂഖ് അബ്ദുല്ല വിജയിച്ചത്. 10,557 വോട്ടിനാണ് പി.ഡി.പി സ്ഥാനാർഥി നസീർ അഹമ്മദ് ഖാനെ പരാജയപ്പെടുത്തിയത്. ഫറൂഖ് 47,926ഉം അഹമ്മദ് ഖാൻ 37,369ഉം വോട്ട് നേടി.
Video Courtesy: Mango News
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.