ചരിത്ര ഹാളിൽ പുനരർപ്പണ പ്രതിജ്ഞയെടുത്ത് മുസ്‍ലിം ലീഗ്
text_fieldsചെന്നൈ: 1948 മാർച്ച് 10 ബുധനാഴ്ചയായിരുന്നു ആ ചരിത്രമുഹൂർത്തം. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ നേതാക്കൾ ചെന്നൈയിലെ ബാൻക്വിറ്റ് ഹാളിൽ (രാജാജി ഹാൾ) ഒരുമിച്ചു കൂടി. സ്വാതന്ത്ര്യാനന്തരം മുസ്‍ലിം ലീഗ് എന്ന സംഘടനയുടെ പ്രസക്തി നഷ്ടപ്പെട്ടതിനാൽ പാർട്ടി പിരിച്ചുവിടണമെന്ന് അധികാരികൾ വിലയിരുത്തിയ സാഹചര്യം.
എന്തു വേണമെന്ന് തീരുമാനമെടുക്കാനായിരുന്നു സുപ്രധാന യോഗം. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സുരക്ഷിതത്വത്തിനുമായി ശബ്ദിക്കാൻ മുസ്‍ലിം ലീഗ് നിലനിൽക്കണമെന്ന ഖാഇദെ മില്ലത്തിന്റെ നിർദേശം യോഗം തക്ബീർ മുഴക്കി അംഗീകരിച്ചു. അന്ന് യോഗം ചേർന്ന് നിർണായക തീരുമാനമെടുത്ത അതേ വേദിയിൽ 75ാം വാർഷിക ദിനമായ 2023 മാർച്ച് 10 വെള്ളിയാഴ്ച നേതാക്കളും പ്രവർത്തകരും ഒത്തുചേർന്നപ്പോൾ വൈകാരിക നിമിഷങ്ങൾ അലതല്ലി. ഖാഇദെ മില്ലത്തിന്റെ പ്രതിജ്ഞ സാർഥകമാക്കാൻ സാധിച്ചതിന്റെ നിർവൃതി നേതാക്കളുടെ വാക്കുകളിൽ പ്രകടമായിരുന്നു. സമുദായത്തിന്റെ ആത്മാഭിമാനത്തോടെയുള്ള നിലനിൽപിനായി പരിശ്രമിച്ച് മുന്നോട്ടു നീങ്ങുന്നതിനിടയിൽ നിരവധി വൈതരണികൾ താണ്ടേണ്ടിവന്നതായി പാണക്കാട് സാദിഖലി തങ്ങൾ അനുസ്മരിച്ചു.
അതെല്ലാം ഇച്ഛാശക്തിയോടെ നേരിടാൻ കഴിഞ്ഞതായും അതിന്റെ വൈകാരികതയാണ് ഇപ്പോൾ അലയടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാദിഖലി തങ്ങളുടെ പ്രാർഥനയോടെ തുടങ്ങിയ ചടങ്ങിൽ രാജ്യത്തെ 10 ഭാഷകളിൽ നേതാക്കളും പ്രവർത്തകരും പുനരർപ്പണ പ്രതിജ്ഞയെടുത്തു. ദൈവനാമത്തിൽ എടുത്ത പ്രതിജ്ഞ ഇങ്ങനെയായിരുന്നു: ‘‘ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗിന്റെ 75ാം സ്ഥാപക ദിനമായ ഈ ചരിത്ര മുഹൂർത്തത്തിൽ ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് എന്ന സംഘശക്തിയുടെ അർപ്പണബോധത്തോടെയുള്ള പ്രവർത്തകരും ഇന്ത്യൻ പൗരന്മാരുമായ ഞങ്ങൾ, നിയമപരമായി സ്ഥാപിക്കപ്പെട്ട ഇന്ത്യൻ ഭരണഘടനയോട് കൂറും വിശ്വാസവും പുലർത്തുന്നതാണെന്നും സാമൂഹിക നീതിയും സമത്വഭാവവും യഥാർഥമായ രാഷ്ട്രീയ ജനാധിപത്യവും പ്രോത്സാഹിപ്പിക്കുന്നതും ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുന്നതും സാമുദായിക സൗഹാർദവും ഐക്യവും ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും പരിശ്രമിക്കുന്നതും ഇന്ത്യൻ ജനതയുടെ സമാധാനത്തിനും സമൃദ്ധിക്കും സന്തോഷത്തിനും വേണ്ടി പ്രവർത്തിക്കുന്നതുമാണെന്ന് നന്ദിപുരസ്സരം അല്ലാഹുവിന്റെ നാമത്തിൽ, ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു’’.
മലയാളത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇംഗ്ലീഷിൽ ഇ.ടി. മുഹമ്മദ് ബഷീറും ഉർദുവിൽ അബ്ദുസ്സമദ് സമദാനിയും തമിഴ്, ഹിന്ദി, കന്നട, തെലുഗു, ബംഗാളി, മറാത്തി, പഞ്ചാബി ഭാഷകളിൽ അതത് സംസ്ഥാനങ്ങളിലെ നേതാക്കളും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നേരത്തെ ഖാഇദെ മില്ലത്തിന്റെ ഖബറിടത്തിൽ നേതാക്കൾ സന്ദർശനം നടത്തുകയും പ്രാർഥിക്കുകയുംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.