അതിർത്തി തർക്കത്തിന് വർഗീയ നിറം നൽകി മുതലെടുപ്പ്; മുസ്‍ലിം യുവാവിന്റെ ഭൂമി കയ്യേറി പ്രതിമ സ്ഥാപിച്ചു
text_fieldsകിഴക്കൻ ഉത്തർ പ്രദേശിൽ രണ്ട് കുടുംബങ്ങൾ തമ്മിലെ അതിർത്തി തർക്കത്തിന് വർഗീയ നിറം നൽകി മുതലെടുക്കാൻ ഒരു വിഭാഗത്തിന്റെ ശ്രമം. മുസ്‍ലിം യുവാവിന്റെ ഭൂമിയിൽ ഒരു സംഘം അതിക്രമിച്ച് കയറുകയും ആനയുടെ പ്രതിമ സ്ഥാപിക്കുകയും ചെയ്തു.
ദോമരിയാഗഞ്ചിലെ മുഹമ്മദ് ഇസ്‍ലാമിന്റെ ഭൂമിയിലാണ് ഒരു സംഘം അതിക്രമിച്ചു കയറിയത്. ബി.ജെ.പി മുൻ എം.എൽ.എ രാഘേവേന്ദ്ര പ്രദാപ് സിങ്ങിന്റെ അടുത്ത അനുയായികളാണ് അതിക്രമം കാണിച്ചവരെന്ന് മുഹമ്മദ് ഇസ്‍ലാം പറഞ്ഞു. ഇസ്‍ലാമിന്റെ അവകാശ വാദം ശരിവെക്കുന്ന തരത്തിലുള്ള ഫോട്ടോകൾ പിന്നീട് പുറത്തു വരികയും ചെയ്തു. മുഹമ്മദ് ഇസ്‍ലാമിന്റെ ഭൂമിയിൽ ബലമായി അതിക്രമിച്ച് കയറിയവർ ബി.ജെ.പി പരിപാടികളിൽ പങ്കെടുക്കുന്ന ഫോട്ടോകളും രാഘേവേന്ദ്ര പ്രതാപ് സിങ്ങിന്റെ കൂടെ നിൽക്കുന്ന ഫോട്ടോകളും പുറത്തു വന്നിട്ടുണ്ട്.
ഏപ്രിൽ ആറിന് ആഗ്യാറാം, ഗംഗാറാം യാദവ്, രാമചന്ദ്ര പ്രജാപതി എന്നിവരുടെ നേതൃത്വത്തിൽ നൂറു കണക്കിനാളുകൾ ഒരു ആനയുടെ പ്രതിമയുമായി വന്ന് തന്റെ ഭൂമിയിൽ അത് സ്ഥാപിക്കുകയായിരുന്നുവെന്ന് മുഹമ്മദ് ഇസ്‍ലാം പറഞ്ഞു. പ്രജാപതിയുടെ കുടുംബവും തന്റെ കുടുംബവും തമ്മിൽ നേരത്തെ അതിർത്തി തർക്കം ഉണ്ടായിരുന്നുവെന്നും എന്നാൽ, കോടതി തങ്ങൾക്ക് അനുകൂലമായി വിധി നൽകിയതായിരുന്നുവെന്നും മുഹമ്മദ് ഇസ്‍ലാം പറഞ്ഞു. പിന്നീട് വർഷങ്ങൾക്ക് ശേഷം, 2019 ൽ പ്രശ്നം വീണ്ടും കുത്തിപ്പൊക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സ്ഥലത്ത് ഒരു സംഘം അതിക്രമിച്ചു കയറിയതിനെതിരെ പൊലീസിനെ സമീപിച്ചെങ്കിലും സഹായമൊന്നും ലഭിച്ചില്ലെന്നും ഇസ്‍ലാം പറഞ്ഞു. അതിക്രമത്തിന് ദിവസങ്ങൾക്ക് ശേഷം അക്രമികൾ മുഹമ്മദ് ഇസ്‍ലാമിനെ ക്രൂരമായി മർദിക്കുകയും ചെയ്തു. ഈ മർദനത്തിന്റെ പാടുകൾ ഇസ്‍ലാമിന്റെ ദേഹത്താകെയുണ്ട്.
പ്രദേശത്ത് കലാപത്തിനുള്ള ആസൂത്രണം നടക്കുന്നുണ്ടെന്നും തന്റെ കുടുംബത്തെ കൊലപ്പെടുത്താനുള്ള നീക്കമുണ്ടെന്നും കാണിച്ച് മുഹമ്മദ് ഇസ്‍ലാമിന്റെ പിതാവും മുൻ സർക്കാർ ജീവനക്കാരനുമായ മുഹമ്മദ് യാർ സബ് ഡിവിഷനൽ മജിസ്ട്രേറ്റിന് പരാതി നൽകിയിട്ടുണ്ട്. ആനയുടെ പ്രതിമ സ്ഥാപിക്കുന്നതിന് തങ്ങൾ എതിർക്കുകയാണെങ്കിൽ കലാപമുണ്ടാക്കാൻ പദ്ധതിയിട്ടാണ് നിരവധിയാളുകൾ തടിച്ചുകൂടിയതെന്നും ഈ പരാതിയിൽ പറയുന്നുണ്ട്.
സബ് ഡിവിഷനൽ മജിസ്ട്രേറ്റിന് പരാതി നൽകിയ ശേഷവും ദുർബലമായ വകുപ്പുകൾ മാത്രം ചേർത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുറ്റവാളികളെ അറസ്റ്റ് ചെയ്തുവെന്ന് ഏപ്രിൽ 10 ന് ദോമരിയാഗഞ്ച് പൊലീസ് അറിയിച്ചുവെങ്കിലും മണിക്കൂറുകൾക്കകം ഇവർക്ക് ജാമ്യം ലഭിച്ചു. അതിന് ശേഷവും അക്രമികൾ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണെന്ന് മുഹമ്മദ് ഇസ്‍ലാം പറഞ്ഞു.
വിദ്വേഷ പ്രസ്താവനകളുമായി ഏറെ വാർത്തകളിൽ നിറഞ്ഞ ബി.ജെ.പി മുൻ എം.എൽ.എ രാഘവേന്ദ്ര പ്രദാപ് സിങ്ങിന്റെ അടുത്ത അനുയായികളാണ് അക്രമങ്ങൾക്ക് പിറകിൽ. 2017 ൽ താൻ എം.എൽ.എ ആയ ശേഷം മുസ്‍ലിംകളുടെ 200 ഏക്കർ ഭൂമി പിടിച്ചെടുത്തിട്ടുണ്ടെന്നും അവരുടെ കടകൾ തകർത്തിട്ടുണ്ടെന്നും പറഞ്ഞയാളാണ് രാഘവേന്ദ്ര. ' എന്നെ വീണ്ടും എം.എൽ.എ ആയി തെരഞ്ഞെടുത്താൽ മുസ്‍ലിംകൾ തൊപ്പി ധരിക്കുന്നത് നിർത്തി അവരെ തിലകമണിയിക്കാം' - രാഘവേന്ദ്രയുടെ മറ്റൊരു പ്രസ്താവനയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.