ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ തല്ലിക്കൊന്നു
text_fieldsറാഞ്ചി: ജാർഖണ്ഡിൽ ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. ഗുംലാ ജില്ലയിലെ ഗ്രാമീണരാണ് 20-കാരനെ മണിക്കൂറുകളോളം മരത്തിൽ കെട്ടി മർദിച്ച് കൊലപ്പെടുത്തിയത്. ഗുംലാ പട്ടണത്തിലെ റാസ കോളനിയിലെ താമസക്കാരനായ മുഹമ്മദ് ശാലിക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സൊസൊ എന്ന അയൽഗ്രാമത്തിലെ ഹിന്ദു യുവതിയുമായി ഇയാൾ ഒരു വർഷക്കാലമായി പ്രണയത്തിലായിരുന്നു.
ബുധനാഴ്ച രാംനവമി ജാഥക്കിടെ കണ്ടുമുട്ടുന്നതിനായി പെൺകുട്ടി യുവാവിനെ ഗുംലാ പട്ടണത്തിലേക്ക് വിളിക്കുകയായിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ഷക്കീൽ വരാമെന്നേറ്റു. സ്കൂട്ടിയിൽ സ്ഥലത്തെത്തിയ ഷക്കീൽ പെൺകുട്ടിയെ കണ്ടുമുട്ടുകയും പിന്നീട് വാഹനത്തിൽ പിന്നിലിരുത്തി പെൺകുട്ടിയെ അവളുടെ വീട്ടിലെത്തിക്കുകയും ചെയ്തു. അവിടെ വെച്ച് പെൺകുട്ടിയുടെ അയൽക്കാർ ഇവരെ കാണുകയും പിടികൂടുകയുമായിരുന്നു. മരത്തിൽ കെട്ടിയിട്ട യുവാവിനെ മണിക്കൂറുകളോളം ക്രൂരമായി ഇവർ മർദിച്ചു. വിവരമറിഞ്ഞെത്തിയ യുവാവിൻെറ ബന്ധുക്കൾ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. നേരത്തേ യുവാവിനോട് പെൺകുട്ടിയെ കാണരുതെന്നും ഗ്രാമത്തിൽ പ്രവേശിക്കരുതെന്നും അയൽവാസികൾ മുന്നറിയിപ്പ് നൽകിയിരുന്നതായി പൊലീസ് വ്യക്തമാക്കി. അയൽ സംസ്ഥാനമായ ഉത്തർപ്രദേശിൽ മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങൾ സർക്കാർ തലത്തിൽ നടക്കുന്നതിനിടെയാണ് ജാർഖണ്ഡിൽ മുസ്ലിം യുവാവ് കൊല്ലപ്പെടുന്നത്. ഗുംല പട്ടണത്തിൽ വൻ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.