മണിപ്പൂരിലെ മുസ്‍ലിംകൾ അരക്ഷിതാവസ്ഥയിൽ -മെയ്‌തേയ് പംഗൽ നേതാവ് മുഹമ്മദ് റയീസ്
text_fieldsന്യൂഡൽഹി: കുക്കി -മെയ്തേയ് വംശീയ കലാപത്തിനിടയിൽ ന്യൂനപക്ഷമായ മുസ്‍ലിം സമുദായം തീർത്തും അരക്ഷിതാവസ്ഥയിലാണെന്ന് മണിപ്പൂരിലെ മുസ്‍ലിംവിഭാഗമായ മെയ്‌തേയ് പംഗലിന്റെ നേതാവ് മുഹമ്മദ് റയീസ് അഹമ്മദ് തമ്പക്. ‘ദ വയറി’ന് വേണ്ടി കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 8.4 ശതമാനം മാത്രമാണ് മൈതേയ് പംഗൽ എന്നറിയപ്പെടുന്ന മുസ്‍ലിം സമുദായം.
“സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഞങ്ങൾ പൂർണ്ണമായും തകർന്നിരിക്കുന്നു. മെയ്‌തേയ് പംഗൽ സമുദായത്തിന്റെ ജീവിതം തന്നെ അലങ്കോലമായി” -യുനൈറ്റഡ് മെയ്‌തേയ്-പംഗൽ കമ്മിറ്റി വക്താവ് കൂടിയായ മുഹമ്മദ് റയീസ് അഹമ്മദ് തമ്പക് പറഞ്ഞു. കുക്കികളും മെയ്തേയികളും തങ്ങളെ സംശയമുനയോടെ വീക്ഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്വാക്തയിൽ മൂന്ന് മെയ്ത്തേയികളെ കൊലപ്പെടുത്താൻ പംഗൽ സമുദായം കുക്കികളെ സഹായിച്ചുവെന്നായിരുന്നു മെയ്തേയികളുടെ ആരോപണം. മറുവശത്ത്, ക്വാക്തയ്ക്ക് സമീപമുള്ള ലെയ്തൻ എന്ന ഗ്രാമത്തിൽനിന്ന് പംഗൽ സമുദായം പലായനം ചെയ്തപ്പോൾ സായുധരായ മെയ്തേയിക്കാർ അവിടെ താവളമാക്കി. ഇത് കുക്കികളും പംഗൽ സമൂഹത്തെ സംശയത്തോടെ കാണാൻ ഇടയാക്കി.
കലാപം അവസാനിപ്പിക്കാനോ ഇരകളെ ആശ്വസിപ്പിക്കാനോ പ്രധാനമന്ത്രി ഇടപെടാത്തതിനെ മുഹമ്മദ് റയീസ് അഹമ്മദ് തമ്പക് വിമർശിച്ചു. എന്നാൽ, മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെകുറിച്ച് ഒന്നും പറയാൻ അദ്ദേഹം തയ്യാറായില്ല. മണിപ്പൂർ സർക്കാർ സ്ഥിതിഗതികൾ ആളിക്കത്തിക്കാൻ അനുവദിച്ചുവെന്നും അതിക്രമങ്ങൾക്കുനേരെ കണ്ണടച്ചിരിക്കുകയാണെന്നും യുനൈറ്റഡ് മെയ്‌തേയ്-പംഗൽ കമ്മിറ്റി ഉന്നയിച്ച ആരോപണം അദ്ദേഹം നിഷേധിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.