സംഘ് ഭീകരതയിൽ ഭീതിപൂണ്ട് ത്രിപുരയിലെ മുസ്ലിം ന്യൂനപക്ഷങ്ങൾ
text_fieldsന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ കലാപങ്ങൾക്കെതിരെ ഒക്ടോബർ 27ന് വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരൺ മഞ്ച്, ബജ്റങ്ദൾ, ആർ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടന്ന അക്രമങ്ങളിൽ ഭയന്ന് ത്രിപുരയിലെ മുസ്ലിം ന്യൂനപക്ഷം. 15 മസ്ജിദുകളും ഒരു ഡസനിലേറെ മുസ്ലിം വീടുകളും കടകളുമാണ് സംഘ്പരിവാർ ആക്രമങ്ങളിൽ തകർക്കപ്പെട്ടത്. വംശീയ വിദ്വേഷം ആളിപ്പടർത്തി സ്ഥിതി കൂടുതൽ വഷളാകുമോ എന്ന ആധിയിലാണ് ജനസംഖ്യയുടെ 8.6 ശതമാനം വരുന്ന മുസ്ലിംകൾ.
കാരണങ്ങളില്ലാതെ ബംഗ്ലാദേശ് കലാപം മറയാക്കി തങ്ങൾക്കുനേരെ സംഘ്പരിവാർ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഉനകോട്ടി, നോർത്ത് ത്രിപുര ജില്ലകളിലെ മുസ്ലിം കുടുംബങ്ങൾ പറയുന്നു. ''എനിക്ക് രണ്ടു മക്കളുണ്ട്. ഭാര്യയും കുടുംബത്തിലെ മറ്റു സ്ത്രീകളുമുൾപ്പെടെ ഒരു വീട്ടിൽ അഭയം തേടിയിരിക്കുകയാണ്. ആക്രമണം കൂടുതൽ നേരിട്ട കൈലാശഹറിൽനിന്ന് മാത്രം 100-110 പേർ വീടുവിട്ടു. ഞങ്ങൾ ഇവിടെ പിറന്നുവീണ ഇന്ത്യക്കാരാണ്. എന്നിട്ടും മറ്റൊരു രാജ്യത്തെ സംഭവത്തിെൻറ പേരിൽ എന്തിനാണ് ഞങ്ങൾ അനുഭവിക്കേണ്ടിവരുന്നത്''- ഇരകളിലൊരാളായ അബ്ദുൽ പറയുന്നു. പ്രദേശത്ത് മസ്ജിദ് തകർക്കപ്പെട്ടതിനു പിന്നാലെ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
നോർത്ത് ത്രിപുരയിലും സമാനമാണ് സ്ഥിതി. കുടുംബം വീട്ടിലില്ലാത്ത സമയത്ത് വി.എച്ച്.പിക്കാർ തെൻറ വീട് ആക്രമിച്ച് എല്ലാം നശിപ്പിച്ചുകളഞ്ഞതായി ധരംനഗർ സ്വദേശിയായ അഭിഭാഷകൻ അബ്ദുൽ ബാസിത് ഖാൻ പറയുന്നു. സോഫ സെറ്റ്, ലാപ്ടോപ്, ടെലിവിഷൻ തുടങ്ങി എല്ലാം നശിപ്പിച്ചിട്ടുണ്ട്. കേസ് ഫയലുകളും സർട്ടിഫിക്കറ്റുകളും ഇക്കൂട്ടത്തിൽ കീറിക്കളയുകയോ റോഡിലെറിയുകയോ ചെയ്ത് നശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് ഖാന് മാത്രമുള്ളത്. പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
പാൽ ബസാറിൽ ഒക്ടോബർ 22ന് ബജ്റങ്ദളിെൻറ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. പാൽ ബസാറിലെ പള്ളിയും ബജ്റങ്ദൾ പ്രവർത്തകർ തകർത്തു. വിശുദ്ധ ഖുർആൻ കത്തിച്ചു. സമീപ പ്രദേശമായ ചോമുനി ബസാറിലും വ്യാപക ആക്രമണങ്ങളാണ് സംഘം അഴിച്ചുവിട്ടത്. ഇവിടെയുണ്ടായിരുന്ന 30 കുടുംബങ്ങൾ പിറ്റേന്ന് നാടുവിടേണ്ടിവന്നു. അതിനിടെ, ഒക്ടോബർ 22ന് തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 25നാണ് തെരഞ്ഞെടുപ്പ്. ഭയപ്പെടുത്തി ന്യൂനപക്ഷത്തെ ഒതുക്കി വോട്ടുപിടിക്കാമെന്നാണ് തീവ്ര വലതുപക്ഷ കക്ഷികൾ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.