യു.എ.പി.എ ബിൽ: എതിർത്ത് വോട്ട് ചെയ്തത് മുസ് ലിം എം.പിമാർ മാത്രം -ഉവൈസി
text_fieldsന്യൂഡൽഹി: യു.എ.പി.എ, എൻ.ഐ.എ നിയമ ഭേദഗതി ബില്ലുകൾക്ക് എതിരായി വോട്ട് ചെയ്തത് മുസ് ലിം എം.പിമാർ മാത്രമാണെന്ന് ആൾ ഇന ്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമിൻ അധ്യക്ഷൻ അസദുദീൻ ഉവൈസി എം.പി. ഇതിൽ നിരാശയുണ്ട്. ഈ പ്രവണത ഗൗരവതരമായ വിഷയമാണ്. എല്ലാ പാർട്ടികളും ഈ വിഷയം പരിഗണിക്കണമെന്നും ഉവൈസി പറഞ്ഞു.
യു.എ.പി.എ നിയമ ഭേദഗതി ബില്ലിനെ ഞാൻ ശക്തമായി എതിർത്തു. മൗലികാവകാശങ്ങളുടെ ലംഘനമായ ബില്ലിനെതിരെ വോട്ട് ചെയ്തു. ഈ നിയമത്തിന്‍റെ പേരിൽ നിരപരാധികൾ കഷ്ടപ്പെടുമ്പോൾ ഫിദൽ കാസ്ട്രോ പറഞ്ഞതു പോലെ ചരിത്രം എനിക്ക് മാപ്പുനൽകും -ഉവൈസി വ്യക്തമാക്കി.
യു.എ.പി.എ നിയമം കൊണ്ടുവന്നത് കോൺഗ്രസ് ആണ്. അവർ മാത്രമാണ് ഈ നിയമത്തിന്‍റെ ഉത്തരവാദി. അവരാണ് കുറ്റവാളികൾ. ഭരണത്തിലിരിക്കുമ്പോൾ കോൺഗ്രസും ബി.ജെ.പിയെ പോലെ പെരുമാറും. എന്നാൽ, അധികാരം നഷ്ടപ്പെടുമ്പോൾ അവർ മുസ് ലിംകളുടെ വല്ല്യേട്ടനാകുമെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
ലോക്സഭയിൽ എട്ടിനെതിരെ 287 വോട്ടിനാണ് യു.എ.പി.എ നിയമ ഭേദഗതി ബിൽ പാസാക്കിയത്. ഉവൈസിയെ കൂടാതെ സഈദ് ഇംതിയാസ് ജലീൽ (എ.ഐ.എം.ഐ.എം), പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, നവാസ് കനി (മുസ് ലിം ലീഗ്), ഹാജി ഫസ് ലുറഹ്മാൻ (ബി.എസ്.പി), ഹസ്നിയൻ മസൂദി (നാഷണൽ കോൺഫറൻസ്), ബദറുദ്ദീൻ അജ്മൽ (എ.ഐ.യു.ഡി.എഫ്) എന്നിവരാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്. കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള മറ്റ് പ്രതിപക്ഷ എം.പിമാർ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.